കൊൽക്കത്തയിലെ കാളിഘട്ടിൽ മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കു നേരെ ആക്രമണശ്രമം. ദുർഗ്ഗാ പൂജാ പന്തൽ ഉദ്ഘാടനത്തിനായി വസതിയിൽ നിന്ന് പുറത്തിറങ്ങിയ മമത ബാനർജിക്ക് നേരെയാണ് യുവതി കത്തി വീശിയതെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് രംഗത്തെത്തി. ഇന്നലെ വൈകുന്നേരം ആറുമണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
വസതിക്ക് മുന്നിലെത്തിയ യുവതി മമത ബാനർജിയുടെ വസ്ത്രത്തിൽ പിടിവലികൾ നടത്തുകയും, തുടന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ കൈവശം മൂർച്ചയേറിയ കത്തി ഉണ്ടായിരുന്നതായും തൃണമൂൽ ക്യാമ്പ് വ്യക്തമാക്കി. മുൻ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ചെത്തിയ യുവതി മമതയെ ‘പിസി’ (അമ്മായി) എന്ന് അഭിസംബോധന ചെയ്ത് പാഞ്ഞടുക്കുകയായിരുന്നു.
തുടർന്ന് റോഡിൽ കിടന്ന് ബഹളം വെക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും ഇവർ കൂടുതൽ പ്രകോപനപരമായി പെരുമാറി. സംഭവസ്ഥലത്തുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ സാഹസികമായി ഇടപെട്ടാണ് യുവതിയെ കീഴ്പ്പെടുത്തിയത്. തൃണമൂൽ പ്രവർത്തകർ തടഞ്ഞുവെച്ച യുവതിയെ പിന്നീട് കാളിഘട്ട് പൊലീസിന് കൈമാറി. മുൻ മുഖ്യമന്ത്രിക്ക് നേരെ ഇത്തരത്തിലൊരു സുരക്ഷാ വീഴ്ച ഉണ്ടായത് പാർട്ടി പ്രവർത്തകർക്കിടയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












