30-ാം വയസ്സിൽ ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുൻപ് ക്ഷമയോടെ കാത്തിരുന്ന കാലഘട്ടത്തെക്കുറിച്ച് മനസ്സ് തുറന്ന് സ്റ്റാർ ബാറ്റർ സൂര്യകുമാർ യാദവ്. 27 വയസ്സായിട്ടും ഇന്ത്യൻ ടീമിലേക്ക് വിളി വരാതിരുന്നപ്പോൾ വീട്ടിൽ നേരിടേണ്ടി വന്ന കടുത്ത സംഭാഷണങ്ങളെക്കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. അണ്ടർ-19 കാലഘട്ടത്തിൽ ഒപ്പം കളിച്ച പലരും രാജ്യത്തിനായി കളിച്ചപ്പോഴും തനിക്ക് അവസരം ലഭിച്ചിരുന്നില്ല.
എങ്കിലും, കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടന്നില്ലെങ്കിലും വിഷമിക്കേണ്ടതില്ലെന്നും കളിക്കുന്നത് തുടരാനും പിതാവ് നൽകിയ പിന്തുണ വലിയ ആശ്വാസമായിരുന്നുവെന്ന് സൂര്യകുമാർ വ്യക്തമാക്കി. 2017-18 കാലഘട്ടത്തിൽ 27-28 വയസ്സുള്ളപ്പോൾ, പത്ത് വർഷത്തിലേറെയായി ക്രിക്കറ്റ് കളിക്കുന്ന തനിക്ക് ഇനി ഇന്ത്യക്കായി കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നുവെന്ന് മാഷബിൾ മിഡിൽ ഈസ്റ്റിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
എന്നാൽ, കളി തുടരുന്നതിന്റെ ലക്ഷ്യത്തെക്കുറിച്ചായിരുന്നു വീട്ടിലെ ചർച്ചകൾ. ഒപ്പം കളിച്ചവരെല്ലാം ടീമിലെത്തിയ കാര്യം ഭാര്യയും ഓർമ്മിപ്പിച്ചു. രണ്ട് മൂന്ന് വർഷം കൂടി പരിശ്രമിച്ചു നോക്കാമെന്ന് അന്ന് തീരുമാനിക്കുകയായിരുന്നു. ഇന്ത്യക്കായി കളിച്ച മിക്ക താരങ്ങളും 21 മുതൽ 24 വയസ്സിനുള്ളിൽ അരങ്ങേറ്റം കുറിച്ചവരാണ്. 28-ാം വയസ്സിൽ ക്രിക്കറ്റ് ഇല്ലെങ്കിൽ അടുത്തത് എന്തെന്ന ചിന്ത വന്നപ്പോൾ, വിഷമിക്കേണ്ടതില്ലെന്നും ബിസിനസോ മറ്റോ ചെയ്യാമെന്നുമാണ് പിതാവ് പറഞ്ഞതെന്ന് സൂര്യകുമാർ ഓർത്തെടുത്തു. 2014-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേർന്ന ശേഷമാണ് ക്രിക്കറ്റിൽ മികച്ചൊരു ഭാവിയുണ്ടെന്ന് തോന്നിത്തുടങ്ങിയത്. അരങ്ങേറ്റത്തിന് മുൻപ് ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാതെ കാത്തിരിക്കേണ്ടി വന്നു.
2011-ൽ മുംബൈ ഇന്ത്യൻസിലെത്തിയെങ്കിലും ആദ്യ മൂന്ന് വർഷം കൂടുതൽ മത്സരങ്ങൾ ലഭിച്ചില്ല. 2014 മുതലാണ് ശരിക്കും കളിച്ച് തുടങ്ങിയതും ആളുകൾ ശ്രദ്ധിച്ച് തുടങ്ങിയതും. 2016-ൽ വിവാഹിതനായ ശേഷമാണ് വീട്ടിൽ കടുത്ത ചോദ്യങ്ങൾ ഉയർന്നത്. ഐപിഎല്ലിൽ കളിക്കുന്നുണ്ടെങ്കിലും അടുത്തത് എന്താണെന്നും, ഒപ്പം കളിച്ചവർ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോൾ ടീമിലെത്താൻ എന്താണ് അധികമായി ചെയ്യുന്നതെന്നുമുള്ള ചോദ്യങ്ങൾ വലിയ മാറ്റത്തിന് കാരണമായി.
അതിനുശേഷമാണ് കൂടുതൽ കഠിനാധ്വാനം ചെയ്യാനും വെള്ളിഴാച രാത്രികളിലെ വിനോദങ്ങൾ ഒഴിവാക്കി പരിശീലനത്തിന് സമയം കണ്ടെത്താനും തുടങ്ങിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി 2018-ൽ 14 മത്സരങ്ങളിൽ നിന്ന് 512 റൺസും, 2019-ൽ നാനൂറിലധികം റൺസും, 2020-ൽ 480 റൺസും സൂര്യകുമാർ അടിച്ചുകൂട്ടി. തുടർന്ന് 2021-ൽ ഇന്ത്യൻ ടീമിലേക്ക് ആദ്യ വിളി ലഭിക്കുകയും മൂന്ന് ഫോർമാറ്റുകളിലും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.വിമർശനങ്ങളെയും സോഷ്യൽ മീഡിയയെയും നേരിടുന്നതിനെക്കുറിച്ചും സൂര്യകുമാർ തുറന്നുപറഞ്ഞു. സോഷ്യൽ മീഡിയ പൂർണ്ണമായും ഒഴിവാക്കുന്നുവെന്ന പല താരങ്ങളുടെയും അവകാശവാദം പൂർണ്ണമായും ശരിയല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇന്നത്തെക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കുക അസാധ്യമാണ്. യാത്ര ചെയ്യുമ്പോഴും ആളുകളെ കാണുമ്പോഴും അവർ പല കാര്യങ്ങളും സംസാരിക്കും. നന്നായി കളിക്കുമ്പോൾ ആളുകൾ എന്താണ് പറയുന്നതെന്ന് അറിയാൻ ആഗ്രഹമുണ്ടാകും, മോശം ഫോമിലാണെങ്കിലും ആരാണ് മോശമായി സംസാരിക്കുന്നതെന്ന് അറിയാൻ കൗതുകമുണ്ടാകും, ഇതിൽ നിന്നൊക്കെ ഓളിച്ചോടാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ടീമിലെത്തിയ സൂര്യകുമാർ യാദവ് പിന്നീട് ട്വന്റി20 ടീമിന്റെ നായകനാവുകയും 2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു










