സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) ചെയർമാനെയും 16 അംഗങ്ങളെയും സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ രാഷ്ട്രപതിക്ക് ശുപാർശ നൽകി. താൻ പദവി ഒഴിയുന്നതിന് തൊട്ടുമുമ്പുള്ള ആഴ്ചയിലാണ് സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഗവർണറുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നിർണായക നീക്കമുണ്ടായിരിക്കുന്നത്.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കാനുള്ള അധികാരം ഗവർണർക്കാണെങ്കിലും അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ രാഷ്ട്രപതിക്ക് മാത്രമേ അധികാരമുള്ളൂ. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാൽ മാത്രമേ രാഷ്ട്രപതിക്ക് ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ സാധിക്കൂ. ചെയർമാനും അംഗങ്ങൾക്കുമെതിരെ രാജ്ഭവനിൽ ലഭിച്ച നിരവധി പരാതികളെ തുടർന്ന് ഗവർണർ അന്വേഷണ റിപ്പോർട്ട് തേടുകയായിരുന്നു.
ഐ.ജി അജിതാ ബീഗം തയാറാക്കി ഡി.ജി.പിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവർണറുടെ ഈ നടപടി. പി.എസ്.സി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത സാഹചര്യവും അവർക്കെതിരെ കർശന നടപടി വേണമെന്ന നിർദേശവും അടങ്ങിയ ക്രൈംബ്രാഞ്ച് റിപ്പോർട്ട് രാജ്ഭവനിലെത്തുകയും അത് കണക്കിലെടുത്ത് ഗവർണർ രാഷ്ട്രപതിക്ക് റിപ്പോർട്ട് അയക്കുകയുമായിരുന്നു.










