ഡല്‍ഹി: അതിവിശിഷ്ട വ്യക്തികള്‍ക്കുള്ള അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്(എഡബ്ലൂ) ഹെലികോപ്ടര്‍ ഇടപാടില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുമേല്‍ ലോബിയിംഗ് നടത്താനായി ആറു മില്യണ്‍ യൂറോ(45 കോടി രൂപ) ഒഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ സഹസ്ഥാപനമായ ഫിന്മെക്കാനിക്ക കൈമാറിയതായി റിപ്പോര്‍ട്ട്. ഇടപാടിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനാണ് പണം കൈമാറിയത്. 12 ഹെലികോപ്ടര്‍ വാങ്ങാന്‍ ഇന്ത്യ കമ്പനിയുമായി കരാറിലേര്‍പ്പെട്ടശേഷം മിഷേലിന്റെ ദുബായ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ സര്‍വീസസ് എഫ്സെഡ്ഇ എന്ന സ്ഥാപനവുമായി കരാറുണ്ടാക്കി. 2010 മാര്‍ച്ച് ഒന്നിനു ശേഷമായിരുന്നു ഇത്.
2010 മാര്‍ച്ചിനുശേഷമുള്ള 22 മാസംകൊണ്ട് മിഷേലിന്റെ കമ്പനിക്ക് 2,75,000 യൂറോ എഡബ്ലൂ കൈമാറി. 2009 ലായിരുന്നു ഹെലികോപ്ടര്‍ വാങ്ങാന്‍ ഇന്ത്യ കരാറൊപ്പിടുന്നത്. മാധ്യമപ്രവര്‍ത്തകരും കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂടുതലായി തങ്ങിയിരുന്ന ഡല്‍ഹിയിലെ ക്ലാറിഡ്ജസില് മിഷേല്‍ 22 മാസത്തിനിടയില്‍ താമസിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 2013 ന് മുമ്പു മാധ്യമങ്ങളില്‍ കരാറിനെക്കുറിച്ചു വാര്‍ത്തകള്‍ വന്നിരുന്നില്ല. കരാറിലെ അഴിമതിയുമായി ബന്ദപ്പെട്ട് ഫിന്മെക്കാനിക്ക തലവന്‍ ഗിസപ്പ ഓര്‍സി ഇറ്റലിയില്‍ അറസ്റ്റിലായശേഷമായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇതേക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
ഇന്ത്യയുമായി കമ്പനിയുണ്ടാക്കിയ കരാറിനെതിരെ ഇവിടുത്തെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഫിന്‍മെക്കാനിക്കയെ അറിയിക്കുക, മാധ്യമ റിപ്പോര്‍ട്ടുകള്‍കൊണ്ട് ഉണ്ടാകുന്ന ദോഷഫലങ്ങളെ ലഘൂകരിക്കാന്‍ കമ്പനിയെ സഹായിക്കുക, കരാറുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകളുണ്ടാക്കുന്ന ചലനങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കുക എന്നിവയായിരുന്നു ഗ്ലോബല്‍ സര്‍വീസസ് എഫ്സെഡ്ഇയുമായി ഫിന്മെക്കാനിക്ക 2010 മാര്‍ച്ചിനുശേഷം ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകള്‍.
Discussion about this post