കുടിച്ച് ലെക്കുകെട്ട് നടക്കുന്ന പുരുഷന്മാർ…. വാതുവയ്പ്പിന്റെ ലഹരിയിൽ വീടും കുടുംബവും മറന്നവർ.. വാക്ക് തർക്കങ്ങളും സംഘർഷങ്ങളും പതിവ്. പുറത്തിറങ്ങാൻ പോലും മടിച്ച് വീടിനുള്ളിൽ തന്നെ ഭയന്നിരിക്കുന്ന സ്ത്രീകളും കുട്ടികളും.. പത്തൻപത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് തൃശ്ശൂർ ജില്ലയിലെ മരോട്ടിച്ചാൽ എന്ന ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതം ഇതായിരുന്നു. എന്നാൽ ഒരു കായിക വിനോദം മരോട്ടിച്ചാലിലെ ജനങ്ങളുടെ ജീവിതം മാറ്റി മറിച്ചു. ഒരു കാലത്ത് സംഘർഷങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്ന ഗ്രാമം ഇന്ന് ഈ കായിക വിനോദത്തിന്റെ പേരിലാണ് അറിയപ്പെട്ടത് എന്നും ശ്രദ്ധേയമാണ്.
പ്രകൃതി മനോഹാരിത കൊണ്ട് സമ്പന്നമായ തൃശ്ശൂർ ജില്ലയിലെ ഗ്രാമമാണ് മരോട്ടിച്ചാൽ. എന്നാൽ ചൂത് കളിയും അമിത മദ്യപാനവും ഇവിടുത്തെ ആളുകളെ അലസൻമാരാക്കി. എന്നും അടിപിടിയും അക്രമവും. ജീവിതം ദുസ്സഹമായതോടെ പലരും ഗ്രാമം വിടാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഉണ്ണി കൃഷ്ണൻ എന്നയാൾ ഗ്രാമത്തിൽ എത്തി ഒരു ചായക്കട തുടങ്ങുന്നത് . ഇതോടെ ഗ്രാമീണരുടെ ജീവിതം അടിമുടി മാറുകയായിരുന്നു. 1969-70 കാലഘട്ടത്തിലായിരുന്നു ഉണ്ണി കൃഷ്ണന്റെ വരവ്.
കടുത്ത ചെസ്സ് ആരാധകനായിരുന്നു ഉണ്ണികൃഷ്ണൻ. അതിനാൽ ് ചായക്കടയിൽ അദ്ദേഹം ഒരു ചെസ് ബോർഡ് കൊണ്ടുവച്ചു. ചൂതാട്ടത്തിന്റെ കളങ്ങൾ മാത്രം കണ്ടവർക്ക് ചെസ് ബോർഡിലെ കറുപ്പും വെളുപ്പുമാർന്ന കളങ്ങൾ അതിശയമായിരുന്നു. പതിയെ കടയിൽ എത്തുന്നവർ ഉണ്ണികൃഷ്ണനിൽ നിന്നും ചെസ് പഠിച്ചു. ഒഴിവ് നേരങ്ങളിൽ കടയിൽ എത്തി അവർ ചെസ് കളിച്ചു. അങ്ങിനെ
പതിയെ പതിയെ മദ്യത്തിന്റെയും വാതുവയ്പ്പിന്റെയും ലഹരിയിൽ നിന്നും ജനങ്ങൾ മുക്തരായി. പിന്നീട് ചെസ് കളി മാത്രമായി അവരുടെ ലഹരി. കളി പഠിച്ചവർ പാഠങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു നൽകി. പതിയെ ചായക്കടയ്ക്ക് പുറത്തേക്കും കളി വളരുകയായിരുന്നു.
വൈകുന്നേരങ്ങളിൽ മദ്യപിച്ച് സമയം കളഞ്ഞിരുന്നവർ ആ സമയം ചെസ് കളിക്കാനായി വിനിയോഗിച്ചു. പണം കളയുന്ന ചൂത് കളിയിൽ നിന്നും അകലം പാലിച്ചു. വൈകുന്നേരമായാൽ എല്ലാവരും ഉണ്ണികൃഷ്ണന്റെ കടയിൽ എത്തും. പിന്നെ ചെസ് കളിയായി രാത്രിവരെ അവിടെ തങ്ങും. ചെസ് കളിക്കാൻ വേണ്ടി മാത്രം ചായക്കടയിൽ എത്തുന്നവരും ഏറെയാണ്. ഏകദേശം അറന്നൂറോളം പേരെയാണ് ഉണ്ണി കൃഷ്ണൻ ചെസ് കളി പഠിപ്പിച്ചത്.
ഇന്ന് ഗ്രാമവാസികളിൽ 90 ശതമാനം പേർക്കും ചെസ് അറിയാം. അതായത് ചെസ് കളിക്കാൻ അറിയാവുന്ന ഒരംഗം എങ്കിലും എല്ലാ വീട്ടിലും ഉണ്ടാകും എന്നർത്ഥം. അന്ന് ആരംഭിച്ച ചെസ് കളി അതേ ആവേശത്തിൽ ഇന്നും തുടരാൻ കഴിയുന്നു എന്നത് ഏറെ അതിശയിപ്പിക്കുന്നതാണ്. പല വീടുകളിലും ഇന്നും ടെലിവിഷൻ ഇല്ല. എന്നാൽ ം ചെസ് ബോർഡുകൾ ഉണ്ട്. മറ്റ് ഗ്രാമങ്ങളിലെ കുട്ടികൾ മൊബൈൽ ഫോണുകളിൽ സമയം പാഴാക്കുമ്പോൾ ഇവിടെ ചെസ് കളിച്ച് സ്വന്തം തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുകയാണ് മരോട്ടിച്ചാലിലെ കുട്ടികൾ. ചെസ് കളിയിലൂടെ ശാന്തിയും സമാധാനവും നിലനിർത്തുക മാത്രമല്ല, ബുദ്ധിശക്തിയും ഏകാഗ്രതയുമുള്ള ഒരു തലമുറയെ വാർത്തെടുക്കുക കൂടിയാണ് ഗ്രാമം.
Discussion about this post