ഇസ്ലാമാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ വസ്തുതാ വിരുദ്ധമായ ആരോപണങ്ങളുമായി പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റനും ചീഫ് സെലക്ടറുമായ ഇൻസമാം ഉൾ ഹഖ്. ട്വന്റി 20 ലോകകപ്പ് മത്സരത്തിനിടെ ഇന്ത്യ ക്രിക്കറ്റ് ടീം പന്തിൽ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. ഓസ്‌ട്രേലിയയ്‌ക്കെതിരെ തിങ്കളാഴ്ച നടന്ന സൂപ്പർ എട്ട് മത്സരത്തിനിടെ കൃത്രിമം കാണിച്ചെന്നാണ് ആരോപണം.മത്സരത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 24 റൺസിനു തോൽപ്പിച്ച് സെമിയിൽ കടന്നിരുന്നു. തോറ്റ ഓസ്‌ട്രേലിയ സെമി കാണാതെ പിന്നീട് പുറത്തായിരുന്നു.
മത്സരത്തിനിടെ ഇന്ത്യയുടെ ഇടംകയ്യൻ പേസർ അർഷ്ദീപ് സിംഗിന് ലഭിച്ച സൂപ്പർ സ്‌പെല്ലിനെക്കുറിച്ചാണ് ഇൻസമാം ഉൾ ഹഖ് ആരോപണം ഉന്നയിച്ചത് 15ാം ഓവറിൽ പന്ത് റിവേഴ്‌സ് ചെയ്യാനുള്ള അർഷ്ദീപിന്റെ കഴിവിൽ സംശയം പ്രകടിപ്പിക്കുകയും ഇത്തരം സാഹചര്യങ്ങൾ നിരീക്ഷിക്കാൻ അമ്പയർമാരെ ഉപദേശിക്കുകയുമായിരുന്നു മുൻ പാക് ക്യാപ്റ്റൻ. മത്സരത്തിന്റെ നിർണായക ഘട്ടത്തിൽ 16ാം ഓവറിൽ തന്റെ രണ്ടാം സ്‌പെല്ലിനായി എത്തിയ അർഷ്ദീപ് റിവേഴ്‌സ് സ്വിങ് കണ്ടെത്തിയിരുന്നു.
ഇതിന് മുൻപ്, യുഎസ്എയ്‌ക്കെതിരായ മത്സരത്തിൽ പാക് ക്രിക്കറ്റ് ടീമും അവരുടെ പേസ് ബോളർ ഹാരിസ് റൗഫും പന്തു ചുരുണ്ടിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യൻ താരങ്ങൾ പന്തിൽ കൃത്രിമം കാട്ടിയെന്ന ആരോപണം ഇൻസമാം ഉൾ ഹഖ് ഉന്നയിച്ചിരിക്കുന്നത്.
ഒരുപന്തുപോലും എറിയാനാകാതെ അമേരിക്കഅയർലൻഡ് മത്സരം ഉപേക്ഷിച്ചതോടെ പാകിസ്താൻ ടി20 ലോകകപ്പിൽ നിന്ന് ഔദ്യോഗികമായി പുറത്തായിരുന്നു. രണ്ടാം മത്സരത്തിൽ ഇന്ത്യയോട് തോറ്റതാണ് പാകിസ്താന് തിരിച്ചടിയായത്. ആദ്യ മത്സരത്തിൽ അമേരിക്ക പാകിസ്താനെ അട്ടിമറിച്ചിരുന്നു. സൂപ്പർ എട്ടിലേക്ക് പ്രവേശനം ലഭിക്കാത്തതിനാൽ പാകിസ്താന് അടുത്ത ലോകകപ്പിൽ പ്രവേശനം ലഭിക്കാൻ യോഗ്യതാ റൗണ്ടുകൾ കളിക്കണം. 2026 ലോകപ്പിനുള്ള യോഗ്യതാ റൗണ്ടുകൾ അടുത്ത വർഷമാണ് നടക്കുക. നവാഗതരും ദുർബലരുമായ രാജ്യങ്ങൾക്കൊപ്പം മാറ്റുരയ്ക്കുകയെന്ന നാണക്കേടാണ് പാകിസ്താനെ കാത്തിരിക്കുന്നത്.
Discussion about this post