പൂഞ്ഞാറിലെ പ്രബല സ്ഥാനാര്‍ത്ഥി പി.സി ജോര്‍ജ്ജിനെതിരെ ഒരു വാക്ക് പോലും പറയാതെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പൂഞ്ഞാര്‍ പ്രസംഗം. തുട്ട് വാങ്ങി ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാരിനെതിരെ വോട്ട് ചെയ്യണെ എന്ന് മാത്രമായിരുന്നു വിഎസ് പൂഞ്ഞാറില്‍ പറഞ്ഞത്.
ഇടത്പക്ഷത്തിന്റെ വോട്ട് ഇത്തവണ തനിക്കെന്ന അവകാശവാദത്തോടെ പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന പിസി ജോര്‍ജ്ജിനെതിരെ അണികളെ സജ്ജമാക്കാന്‍ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ തന്നെ രംഗത്തിറങ്ങിയിരുന്നു. പൂഞ്ഞാറില്‍ സിപിഎമ്മിലെ ഒരു വിഭാഗം പ്രചരണരംഗത്ത് നിന്ന് വിട്ടു നില്‍ക്കുന്നതിനെതിരെ പിണറായി പൂഞ്ഞാര്‍ ഏരിയ കമ്മറ്റി യോഗത്തില്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. പിണറായി വിളിച്ച ഈ യോഗത്തിന് ശേഷവും സിപിഎം പ്രവര്‍ത്തകര്‍ പ്രചരണത്തില്‍ സജീവമല്ല. ഈ സാഹചര്യത്തില്‍ പൂഞ്ഞാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുന്ന വിഎസിന്റെ സമീപനം ശ്രദ്ധേയമായിരുന്നു.
വിഎസ് പി.സി ജോര്‍ജ്ജിനെതിരെ സംസാരിക്കാതിരുന്നത് പി.സി ക്യാമ്പിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. അതേസമയം പൂഞ്ഞാറിലെ ഇടത് മുന്നണി സ്ഥാനാര്‍ത്തിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിരാശയിലാണ്.
പിണറായിയുടെ നിലപാടിന് അനുകൂലമല്ല വിഎസ് എന്ന സന്ദേശം സിപിഎം പ്രവര്‍ത്തകരുടെ ഇടയില്‍ പ്രചരിപ്പിച്ച് ഇടത് വോട്ടുകള്‍ നേടാനുള്ള ശ്രമത്തിലാണ് പി.സി ജോര്‍ജ്ജ്.
Discussion about this post