ഡല്‍ഹി: മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്ക് ഈ വര്‍ഷം തന്നെ ഏകീകൃത പ്രവേശന പരീക്ഷ(നീറ്റ്) നടത്തണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി വിസമ്മതിച്ചു. വിധിയില്‍ മാറ്റംവരുത്താനാകില്ലെന്ന് ഇടക്കാല ഉത്തരവിലൂടെ കോടതി വ്യക്തമാക്കി. ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഒറ്റഘട്ടമായി ജൂലൈ 24ന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം നീറ്റ് പരീക്ഷ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പല സംസ്ഥാനങ്ങളും പ്രവേശന പരീക്ഷ നടത്തി കഴിഞ്ഞു. ഇവ റദ്ദാക്കാനും പാടില്ലെന്ന് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പരീക്ഷ നടത്തണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഒറ്റഘട്ടമായി ജൂലൈ 24ന് നടത്താം എന്ന നിലപാടും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു. ജസ്റ്റിസ് അനില്‍ ആര്.ദവെ അധ്യക്ഷനായ ബെഞ്ചാണ് വാദം കേട്ടത്. അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായി.
സുപ്രീം കോടതിയുടെ ഭരണാഘടനാ ബെഞ്ചായിരുന്നു ഇന്നലെ ഇതു സംബന്ധിച്ചു ഉത്തരവിട്ടത്. മെയ് ഒന്നിനും ജൂലൈ 24നും പരീക്ഷ നടത്താനായിരുന്നു നിര്‍ദേശം. ഒഗസ്റ്റ് 17ന് ഫലം പ്രഖ്യാപിക്കും. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നടത്തിയ മെഡിക്കല്‍ പ്രവേശന പരീക്ഷകള്‍ ഈ ഉത്തരവോടെ അസാധുവായിരുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ ഉത്തരവ് ബാധാകമായിരിക്കും.
Discussion about this post