ശ്രീനഗർ :നാഷ്ണൽ കോൺഫറൻസ് തിരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത്. മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മൂരിലെ പുഞ്ച് ജില്ലയിലെ റാലിക്കിടെയാണ് സംഭവം. എ.ൻ.സി തലവനും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള വേദിയിൽ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്. മെന്ദർ സ്വദേശി സുഹൈൽ അഹമ്മദ് യാസിർ അഹമ്മദ് ഇമ്രാൻ അഹമ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.
പൂഞ്ച് ജില്ലയിലെ മെന്ദർ പ്രദേശത്താണ് എ.ൻ.സി യുടെ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചിരുന്നത്. അതിൽ എ.ൻ.സി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ സീറ്റിലെ പാർട്ടി സ്ഥാനാർത്ഥി മിയാൻ അൽതാഫ് അഹ്‌മദും പങ്കെടുത്തിരുന്നു. ഇതിനിടെ അനുയായികൾ രണ്ട് ചേരി തിരിഞ്ഞ് വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതേതുടർന്നുണ്ടായ കത്തിക്കുത്തലിലാണ് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റത്.
പരിക്കേറ്റ യുവാക്കളെ വിദഗ്ധ ചികിത്സയ്ക്കായി രജൗരി ടൗണിലെ സർക്കാർ മെഡിക്കൽ കോളേജ് ആശു പത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ സുഹൈൽ അഹമ്മദ് എന്നയാളുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റു രണ്ട് യുവാക്കൾ ആശുപത്രിയിൽ നിന്ന് ഓടിപ്പോയതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post