കൊൽക്കത്ത: ഒരു സമൂഹത്തിലെ ന്യൂനപക്ഷത്തിന് അനുകൂലമായി ക്ഷേമ നടപടികൾ കൈക്കൊള്ളുന്നത് ഒരു തെറ്റാണോ എന്ന് ചോദിച്ചാൽ, അല്ല എന്ന് തന്നെയാണ് ഉത്തരം. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി തിരഞ്ഞെടുപ്പിൽ ജയിക്കുന്നതും ഒരു തെറ്റല്ല. എന്നാൽ ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാൻ എന്തിനാണ് ഭൂരിപക്ഷത്തിന്റെ സാമുദായിക ആചാര്യന്മാരെ അധിക്ഷേപിക്കുന്നത് എന്ന ചോദ്യമാണ് ബംഗാളിൽ നിന്നും ഉയർന്നു വരുന്നത്.
കഴിഞ്ഞ ദിവസമാണ് ബംഗാളിലെ ഹിന്ദു സന്യാസിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് മമതാ ബാനർജി രംഗത്ത് വന്നത്.
ശനിയാഴ്ച നടന്ന ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ, ഇസ്‌കോൺ, രാമകൃഷ്ണ മിഷൻ, ഭാരത് സേവാശ്രമം എന്നിവ ന്യൂഡൽഹിയിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് മമത ബാനർജി ആരോപിച്ചിരുന്നു . രാമകൃഷ്ണ മിഷൻ്റെ അനുയായികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടെന്നും “എന്തുകൊണ്ടാണ് സന്യാസിമാർ ഇതിൽ ഇടപെടുന്നതെന്നും മമതാ ബാനർജി ചോദിച്ചു.
ഭാരത് സേവാശ്രമ സംഘത്തെ ഞാൻ ബഹുമാനിച്ചിരുന്നു. എന്നാൽ തൃണമൂൽ ഏജൻ്റിനെ ബൂത്തിൽ അനുവദിക്കില്ലെന്ന് പറഞ്ഞ ഒരു കാർത്തിക് മഹാരാജിൻ്റെ പേര് എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് . അദ്ദേഹം നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുന്ന ആൾ ആയതിനാൽ ഞാൻ അദ്ദേഹത്തെ ഒരു സന്യാസിയായി കണക്കാക്കുന്നില്ല, ഇത് ചെയ്യുന്നവരെ ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഭീഷണിയുടെ സ്വരത്തിൽ മമത ബാനർജി കൂട്ടിച്ചേർത്തിരിന്നു.
എന്നാൽ പൊതുവെ ഇത്തരം സാഹചര്യത്തിൽ നിശബ്ദത പാലിക്കാറുള്ള ഹിന്ദു സമുദായ നേതാക്കൾ , ഇത്തവണ രണ്ടും കൽപ്പിച്ചു തന്നെയാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്.
48 മണിക്കൂറിനുള്ളിൽ മമത ബാനർജി മാപ്പ് പറയണം എന്നാവശ്യപ്പെട്ടു കൊണ്ട് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് ഭാരത് സേവാശ്രമം സംഘ സന്യാസിവര്യൻ സ്വാമി പ്രദീപ്‌താനന്ദ.
നിരുപാധികം ക്ഷമാപണം നടത്തുകയും ഈ അറിയിപ്പ് ലഭിച്ച് 48 മണിക്കൂറിനുള്ളിൽ നിങ്ങളുടെ ക്രൂരവും ദുഷിച്ചതുമായ പ്രസ്താവന പിൻവലിക്കുകയും എൻ്റെ കക്ഷിക്കെതിരെ സമാനമായ പ്രസ്താവനകൾ നടത്തുന്നത് അവസാനിപ്പിക്കുകയും ചെയ്യണം എന്നാണ് സ്വാമി പ്രദീപ്‌താനന്ദ അയച്ച വക്കീൽ നോട്ടീസ് വ്യക്തമാക്കിയത്.
നാല് ദിവസത്തിനകം മമത ബാനർജി മറുപടി നൽകാത്ത പക്ഷം , അപകീർത്തികരമായ ഉള്ളടക്കത്തിന് വ്യാപകമായ പ്രചരണം നൽകി പ്രദീപ്‌താനന്ദനെ അപകീർത്തിപ്പെടുത്താൻ ബാനർജി ആഗ്രഹിക്കുന്നുവെന്ന് മനസിലാക്കുമെന്നും നോട്ടീസിൽ പറയുന്നു.
അതിനാൽ ഔറംഗബാദ്, ബെൽദംഗ , പയ്രദംഗ എന്നിവിടങ്ങളിലെ ബിഎസ്എസ് സെക്രട്ടറിയും കാർത്തിക് മഹാരാജ് എന്ന് അറിയപ്പെടുന്നതുമായ സ്വാമി പ്രദീപ്താനന്ദയ്ക്ക് ബാനർജിക്കെതിരെ ക്രിമിനൽ കേസുകൾ ആരംഭിക്കാനുള്ള അവകാശമുണ്ടെന്നും വക്കീൽ നോട്ടീസ് വ്യക്തമാക്കുന്നു.
മമതാ ബാനർജിയുടെ ഹിന്ദു സന്യാസിമാർക്കെതിരെയുള്ള ആക്രമണത്തിൽ രൂക്ഷമായ പ്രതിഷേധവുമായി പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തിനകത്തും അന്തർദേശീയ തലത്തിലും ഇസ്‌കോൺ, രാമകൃഷ്ണ മിഷൻ, ഭാരത് സേവാശ്രമം സംഘങ്ങൾ അവരുടെ സേവനത്തിനും ധാർമ്മികതയ്ക്കും പേരുകേട്ടവരാണ്, എന്നാൽ ബംഗാൾ മുഖ്യമന്ത്രി അവരെ തുറന്ന വേദിയിൽ നിന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്നു… തൃണമൂൽ കോൺഗ്രസിന്റെ വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ അവർ പാവപെട്ട ഹിന്ദു സന്യാസിമാരെയാണ് ഭീഷണിപ്പെടുത്തുന്നത്. “മോദി പറഞ്ഞു
ബി ജെ പി ഐ ടി സെൽ മേധാവി അമിത് മാളവ്യയും മമ്‌തയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ഹിന്ദു സന്യാസിമാരെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് മമ്‌തയ്‌ക്കെതിരെ സംഘം ഹൈക്കോടതിയെ സമീപിക്കും എന്ന് മാളവ്യ വ്യക്തമാക്കി . ബംഗാളിലെ രക്തരൂക്ഷിതമായ സിഎഎ വിരുദ്ധ കലാപത്തിൽ ഹിന്ദുക്കളുടെ ജീവൻ സംരക്ഷിക്കാൻ സംഘം സഹായിച്ചു. അതിനാൽ തന്നെ ത്രിണമൂലിന് സംഘത്തിനോട് ദേഷ്യം തോന്നുന്നതിൽ അതിശയമില്ലെന്നും മാളവ്യ പറഞ്ഞു.
ഇസ്‌കോൺ, ഭാരത് സേവാശ്രമം സംഘ്, രാമകൃഷ്ണ മിഷൻ എന്നിവയെ ലക്ഷ്യമിട്ട് ബംഗാളിൽ ഉടനീളം മമത ബാനർജിക്കെതിരെ ഹിന്ദു സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കും എന്നും മാളവ്യ കൂട്ടിച്ചേർത്തു.
എപ്പോഴും ചെയ്യുന്നത് പോലെ ന്യൂനപക്ഷങ്ങളെ സന്തോഷിപ്പിക്കാൻ ഹിന്ദു സംഘടനകളെയും നേതാക്കളെയും വെറുതെ അധിക്ഷേപിക്കാം എന്ന് വിചാരിച്ചതാണ് മമതാ ബാനർജി. എന്നാൽ ഇത്തവണ കാര്യങ്ങൾ അവരുടെ കയ്യിൽ നിന്നും പോയ ലക്ഷണമാണ് കാണുന്നത്.
ഇന്ത്യ മഹാരാജ്യത്തിലെ ഏതൊരു പൗരനും ഉള്ള എല്ലാ അവകാശങ്ങളും ഹിന്ദു സന്യാസിമാർക്കും ഉണ്ട്. അത് അവർ വിനിയോഗിക്കാൻ പാടില്ല എന്ന് പറയുന്ന ഏകാധിപത്യത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ തന്നെയാണ് ഇത്തവണ ഹിന്ദു സന്യാസിമാരുടെ തീരുമാനം. എന്തായാലും മമതാ ബാനെർജിക്ക് ഇനി കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമായിരിക്കില്ല എന്ന് ഉറപ്പാണ്.
Discussion about this post