ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ യുഡിഎഫ് വിമത സ്ഥാനാര്‍ഥി ശോഭനാ ജോര്‍ജിന് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ. സഭയുടെ മകള്‍ക്ക് വോട്ടുചെയ്യാനായിരുന്നു ചെങ്ങന്നൂര്‍ പുത്തന്‍തെരുവ് സെന്റ് ഇഗ്‌നേഷ്യസ് പള്ളിയില്‍ നടക്കുന്ന ധ്യാനത്തിനിടെ ഓര്‍ത്തഡോക്‌സ് സഭാ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്താനാസിയോസ് ആഹ്വാനം ചെയ്തത്.
ശോഭനാ ജോര്‍ജ്ജിന്റെ പേര് എടുത്തുപറയാതെയായിരുന്നു ഭദ്രസനാധിപന്റെ വാക്കുകള്‍. സഭാ തര്‍ക്കത്തില്‍ ഉമ്മന്‍ചാണ്ടി ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായാണ് നിലപാടെടുത്തതെന്ന് തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു. എങ്കിലും ആദ്യം സഭ പിന്നെ രാഷ്ട്രീയം എന്നതാണ് നിലപാടെന്നു വ്യക്തമാക്കിയ അദ്ദേഹം സഭയോട് വിശ്വാസവും കൂറുമുള്ള മകളെ വിജയപ്പിക്കാന്‍ പറയുകയായിരുന്നു.
ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 51 പള്ളികളിലെ വിശ്വാസികളും വികാരികളുമാണ് ധ്യാനത്തില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.സി വിഷ്ണുനാഥിനെതിരെ വിമതയായി മത്സര രംഗത്തെത്തിയ ശോഭനയെ പിന്തിരിപ്പിക്കാന്‍ സഭയും ഇടപെട്ടിരുന്നു. അന്ന് സഭയ്ക്ക് നല്‍കിയ ഉറപ്പുകള്‍ ബന്ധപ്പെട്ടവര്‍ പാലിച്ചില്ലെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലാണ് സഭയുടെ പരോക്ഷമായ പിന്തുണയോടെ ശോഭനാ ജോര്‍ജ്ജ് മത്സര രംഗത്ത് എത്തിയത്. സിപിഎം പിന്തുണ നേടാനുള്ള ശോഭന ജോര്‍ജ്ജിന്റെ നീക്കങ്ങളും പരാജയപ്പെട്ടു.
മണ്ഡലത്തില്‍ ചതുഷ്‌കോണ മത്സരത്തിന് വേദിയൊരുങ്ങിയതോടെ തികഞ്ഞ ജയപ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്. തുടക്കം മുതല്‍ പ്രചരണത്തില്‍ മുന്നിലായിരുന്ന ബിജെപിയ്ക്ക് സഭ വോട്ടുകളിലും പ്രതീക്ഷയുണ്ട്. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.എസ് ശ്രീധരന്‍ പിള്ളയാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. എന്‍എസ്എസ് വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ജയിച്ച് കയറാമെന്ന പ്രതീക്ഷയാണ് പി.എസ് ശ്രീധരന്‍ പിള്ള ക്യാമ്പിനുള്ളത്. ആര്‍എസ്എസ് നടത്തിയ സര്‍വ്വേയിലും ചെങ്ങന്നൂരില്‍ ബിജെപിയ്ക്ക് ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു.
Discussion about this post