കൊച്ചി: പീഡനത്തിനിരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പെരുമ്പാവൂരില്‍ തടഞ്ഞു. മുഖ്യമന്ത്രി എത്തുന്നതറിഞ്ഞ് വന്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ, സിപിഐഎം പ്രവര്‍ത്തകര്‍ ആശുപത്രിക്ക് സമീപത്തും റോഡിന്റെ വശങ്ങളിലും തമ്പടിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി. താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാനെത്തിയതായിരുന്നു മുഖ്യമന്ത്രി. അതിനിടയില്‍ മുഖ്യമന്ത്രിയോട് പ്രകോപനപരമായ ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ചു മാധ്യമപ്രവര്‍ത്തകരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും പരാതിയുണ്ട്.
പ്രതിഷേധക്കാരെ പൊലീസിന്റെ സഹായത്തോടെ തടഞ്ഞാണ് മുഖ്യമന്ത്രിയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്. ജിഷയുടെ അമ്മയെ കണ്ടശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മുഖ്യമന്ത്രി ജിഷയുടെ സഹോദരിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ജോലി നല്‍കുമെന്നും, അന്വേഷണം നല്ല രീതിയിലാണ് പുരോഗമിക്കുന്നതെന്നും പറഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്തുളള നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് ചോദ്യങ്ങള്‍ ചോദിച്ചവര്‍ക്ക് എതിരെയാണ് മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. ജിഷയുടെ കൊലപാതകം നടന്നിട്ട് ആറുദിവസം പിന്നിട്ടുവെന്നും ഇതുവരെ പൊലീസ് പ്രതികളെ പിടികൂടിയിട്ടില്ലെന്നും, അന്വേഷണം തൃപ്തികരമാണോ എന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. അന്വേഷണം തൃപ്തികരമാണെന്ന് മുഖ്യമന്ത്രി മറുപടി പറയുകയും ചെയ്തു.
എന്നാല്‍ ഈ ചോദ്യങ്ങള്‍ അതിരുകടന്നെന്നും, മുഖ്യമന്ത്രിയോട് അത്തരം ചോദ്യങ്ങള്‍ പാടില്ലെന്നുമാണ് കൈയേറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികരിച്ചത്. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
Discussion about this post