ഡല്‍ഹി: ബിജെപിക്ക് എന്നും വിശ്വസ്തതയോടെ തെരഞ്ഞെടുപ്പുകളില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന മുഖമായിരുന്നു ഒ. രാജഗോപാല്‍. രാജഗോപാല്‍ മത്സരിച്ചയിടങ്ങളിലെല്ലാം എന്നും ബിജെപി മറ്റുള്ളവര്‍ക്ക് പ്രധാന എതിരാളിയായിരുന്നു. 12 തെരഞ്ഞെടുപ്പുകളില്‍ രാജഗോപാല്‍ മത്സരിച്ചു. കാസര്‍ക്കോട്, മഞ്ചേരി, തിരുവനന്തപുരം ലോക്‌സഭാ മണ്ഡലങ്ങളില്‍നിന്ന് ജനസംഘം സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍നിന്ന് രണ്ട് തവണ രാജ്യസഭയിലെത്തി. വാജ്‌പേയ് മന്ത്രിസഭയില്‍ റെയില്‍വേ സഹമന്ത്രിയായിരുന്നു. ഇങ്ങനെ നീളുന്നു കേരളത്തിലെ എറ്റവും മുതിര്‍ന്ന ബിജെപി നേതാവിന്റെ രാഷ്ട്രീയ ചരിത്രം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയത്തോളമെത്തിയതായിരുന്നു ഇതുവരെയുള്ള ശ്രദ്ധേയ പ്രകടനം. തോല്‍വികളില്‍ നിന്ന് ജയത്തിലേക്കുള്ള രാജഗോപാലിന്റെ യാത്ര ഇതാ ഇങ്ങനെ. 1965ല്‍ ഭാരതീയ ജനസംഘത്തിന്റെ സ്ഥാനാര്‍ഥിയായി പാലക്കാട്ടാണ് ആദ്യമായി നിയമസഭയിലേക്കു മത്സരിച്ചത്. തുടര്‍ന്ന് 1967, 70, 82, 2001, 2006 വര്‍ഷങ്ങളിലും പാലക്കാട്ടു മത്സരിച്ചു. 2011ല്‍ നേമത്തും 2012ല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പിലും 2015ലെ അരുവിക്കര ഉപതിരിഞ്ഞെടുപ്പിലും മത്സരിച്ചു. 1980ല്‍ കാസര്‍കാടുനിന്ന് ലോക്‌സഭയിലേക്കു ജനവിധി തേടി. തുടര്‍ന്ന് 1984ല്‍ മഞ്ചേരി, 1991, 99, 2004, 2014 വര്‍ഷങ്ങളില്‍ തിരുവനന്തപുരം മണ്ഡലത്തില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു.
Discussion about this post