പശ്ചിമബംഗാളില്‍ ‘കയ്യരിവാള്‍ സഖ്യം’ ഇടത് മുന്നണിക്ക് ഇനിയൊരു തിരിച്ച് വരവ് അസാധ്യമാക്കിയെന്ന് വിലയിരുത്തല്‍. കോണ്‍ഗ്രസുമായി ചേര്‍ന്ന് എല്‍ഡിഎഫ് മത്സരിക്കുമ്പോള്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നായിരുന്നു സിപിഎം വിലയിരുത്തല്‍. ഒരു അവസാന ശ്രമം എന്ന നിലയിലാണ് ഇത്തരമൊരു നീക്കമെന്നായിരുന്നു സിപിഎം കേന്ദ്രങ്ങളുടെ വിശദീകരണം. എന്നാല്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സഖ്യം എല്ലാ തലത്തിലും സിപിഎമ്മിനെ സംബന്ധിച്ച് പരാജയമാണെന്നാണ് വിലയിരുത്തല്‍.
അതേസമയം കോണ്‍ഗ്രസിന് ചെറിയ തോതില്‍ മെച്ചമുണ്ടാക്കാനായത് സിപിഎമ്മിനെ അസ്വസ്ഥരാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് 212 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് -സിപിഎം സഖ്യം 71 സീറ്റിലൊതുങ്ങി. ബംഗാളില്‍ മമത ബാനര്‍ജിയുടെ സ്വാധീനത്തിനും ജനകീയതയ്ക്കും ഒരു പോറല്‍ പോലും ഏല്പിക്കാന് കയ്യരിവാള്‍ സഖ്യത്തിന് ആയില്ല.
കോണ്‍ഗ്രസ് മുഖ്യ പ്രതിപക്ഷ പാര്ട്ടിയായെന്നതാണ് ഈ തിരഞ്ഞെടുപ്പിലെ പ്രത്യേകത. കഴിഞ്ഞ തവണ 42 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കുറി 45 സീറ്റുകള്‍ നേടാനായി.
എന്നാല്‍ കഴിഞ്ഞ തവണ 40 സീറ്റുകളുണ്ടായിരുന്ന സി.പി.എമ്മിന് ഇക്കുറി 24 സീറ്റകള്‍ മാത്രമെ നേടാനായുള്ളു.
ഇതിനിടെ ബിജെപി പശ്ചിമബംഗാളില്‍ നടത്തിയ മുന്നേറ്റം സിപിഎമ്മിന് മറ്റൊരു തിരിച്ചടിയായി. ബിജെപി ആറ് സീറ്റാണ് ഇത്തവണ നേടിയത്. ഒരു നാലാം ശക്തിയായി ബിജെപി ബംഗാളില്‍ വളര്‍ന്നുവെന്ന സൂചനയാണ് ബംഗാളിലെ ഫലസൂചനകള്‍ നല്‍കുന്നത്. പല മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരു ബദല്‍ എന്ന നിലയില്‍ ബിജെപി വളര്‍ന്നു വരുന്നത് ഏറ്റവും തിരിച്ചടിയാകുക സിപിഎമ്മിന് തന്നെയാകും.
മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ വരെ രാഹുല്‍ ഗാന്ധിക്കൊപ്പം വേദി പങ്കിട്ടത് ചരിത്രപരമായ മണ്ടത്തരം എന്ന നിലയില്‍ സിപിഎം പിന്നീട് വിലയിരുത്തേണ്ടി വരും. പൊളിറ്റ് ബ്യൂറോയുടെ എതിര്‍പ്പ് കൂടി മറികടന്നാണ് ബംഗാള്‍ നേതാക്കള്‍ കയ്യരിവാള്‍ സഖ്യത്തിനായി വാദിച്ചത്. സീതാറാം യെച്ചൂരിയുടെ നേതൃത്വം പോലും ചോദ്യം ചെയ്യാവുന്ന തരത്തിലാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അഴിമതി ദേശീയ തലത്തില്‍ ബിജെപിയും, ആം ആദ്മി പാര്‍ട്ടി പോലുള്ള കക്ഷികളും ഉയര്‍ത്തി കൊണ്ടു വരുന്ന സമയത്ത് കോണ്‍ഗ്രസുമായി ചേര്‍ന്നത് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.
Discussion about this post