പാറ്റ്ന: അന്തരിച്ച തന്റെ മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്കാരം നടത്താന്‍ അനുവദിക്കാതിരുന്ന പള്ളിക്കെതിരെ ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. സെമിത്തേരിയില്‍ സംസ്കാരം നിഷേധിച്ച കുമരകത്തെ പള്ളി അധികൃതരുടെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായി പോയെന്ന് പ്രിയങ്ക പ്രതികരിച്ചു. ദേശീയ മാധ്യമമായ എഎന്‍ഐയോടായിരുന്നു പ്രിയങ്ക ചോപ്രയുടെ തുറന്നടിക്കല്‍.
‘പള്ളിയുടെ നടപടി തികച്ചും ദൗര്‍ഭാഗ്യകരമായിപ്പോയി”-പ്രിയങ്ക പറഞ്ഞു എന്നാല്‍ അത് കണക്കിലെടുക്കുന്നില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗം നഷ്ടപ്പെട്ടതാണ് പ്രധാന കാര്യം’.
ജൂണ്‍ മൂന്നിനാണു മേരി ജോണ്‍ അഖൗരി മരിച്ചത്. മാമ്മോദിസ മുക്കിയ പള്ളിയില്‍ അടക്കണമെന്നായിരുന്നു ആഗ്രഹം. തുടര്‍ന്ന് അഞ്ചിനു കോട്ടയത്തെത്തിച്ച മൃതദേഹം കുമരകത്തെ ദേവാലയ അധികൃതരുടെ എതിര്‍പ്പിനെ തുടര്‍ന്നു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായ പള്ളിയിലാണു സംസ്കരിച്ചത്.
അന്യമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു എന്ന കാരണത്താലാണ് മേരി ജോണിന്റെ സംസ്കാരം കുമരകത്തെ ആറ്റാമംഗലം സെന്റ് ജോണ്‍സ് പള്ളിയില്‍ നടത്താന്‍ സമ്മതിക്കാതിരുന്നത്.
വിവാഹത്തിനു ശേഷം അക്രൈസ്തവ രീതിയിലായിരുന്നു മേരി ജോണിന്റെ ജീവിതമെന്നും സമുദായത്തിലേക്കു മടങ്ങി വരികയോ ജീവിച്ചിരിക്കുന്നതായി അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും ആയിരുന്നു കുമരകം പള്ളി അധികൃതരുടെ പ്രതികരണം. അതുകൊണ്ടാണ് മരിച്ചതിന് ശേഷം ഇവിടെ സംസ്കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യം നിരാകരിച്ചതെന്നും പള്ളി അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ നടിയുടെ മുത്തശ്ശിയുടെ ശവസംസ്ക്കാരവുമായി ബന്ധപ്പെട്ട വിവാദം സോഷ്യല്‍ മീഡികളില്‍ സജീവമായിരുന്നു. കേരളത്തിലെ മുഖ്യധാര മാധ്യമങ്ങള്‍ വാര്‍ത്ത നല്കാതിരുന്നതിലും വിമര്‍ശനം ഉയര്‍ന്നു.
Discussion about this post