അനില്‍ കാരാമല്‍
ഇന്ത്യയുടെ പ്രധാനശത്രു ആരെന്ന ചോദ്യമുയര്‍ത്തുമ്പോള്‍ വിരലുകള്‍ നീളുന്നത് ഇന്ത്യയില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ, തീവ്രവാദത്തിന് അടിപ്പെട്ട, സാമ്പത്തിക ഞെരുക്കങ്ങള്‍ക്കിടയില്‍ ജീവിതനിലവാര സൂചിക തകര്‍ന്ന് തരിപ്പിണമായ പാക്കിസ്ഥാന് എന്ന ആയല് രാജ്യത്തിന് നേര്‍ക്കാണ് എന്നും. മുസ്ലിം വിരുദ്ധ ഭൂരിപക്ഷ സമീപനവും, കശ്മീരിനെ ചൊല്ലിയുള്ള തീരാതര്ക്കങ്ങളും, അതിര്‍ത്തിയിലെ എന്നും തീരാത്ത പിരിമുറുക്കങ്ങളും പാക്കിസ്ഥാനാണ് ഇന്ത്യയുടെ ശത്രു എന്ന സജീവമായ ചിന്ത ഉയര്‍ത്തി. ഇരുരാഷ്ട്രങ്ങളിലെ ജനങ്ങളുടെ മനസ്സുകള്‍ തന്നെ ഇത്തരത്തില്‍ വിഭജിക്കപ്പെട്ടു. പാക്കിസ്ഥാനില്‍ രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമ്പോഴും, ഇന്ത്യയില്‍ ഉറച്ച ഭരണകൂടങ്ങള്‍ ഉണ്ടാകുമ്പോഴും ഇന്ത്യ-പാക് അതിര്‍ത്തികള്‍ സംഘര്‍ഷ ഭൂമികളായി. എന്നാല്‍ മാടമ്പിള്ളിയിലെ യഥാര്‍ത്ഥ ശത്രു പാക്കിസ്ഥാനായിരുന്നില്ല ചൈനയായിരുന്നു എന്നതാണ് വാസ്തവം.
ചൈനയുടെ മുഖംമൂടി പൊളിയുമ്പോള്‍ പുറത്ത് വരുന്നത്-
ഇന്ത്യന്‍ പ്രദേശങ്ങള്‍ കയ്യേറുകയും കൈവശം വച്ചിരിക്കുകയും ചെയ്തിരിക്കുന്ന ഏക അയല്‍രാജ്യമാണ് ചൈന.
ഇന്ത്യ പാക് ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ നിരന്തര ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം.
ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായ ശ്രമം ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല കയ്യേറ്റത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ നിരന്തരം
തേടുകയാണ് അവര്‍.
ഇന്ത്യയുടെ അയല്‍ രാഷ്ട്രങ്ങളുമായി ചൈന പുലര്‍ത്തുന്നത് ഇരട്ടത്താപ്പ് നയമാണ്. ലോക സാമ്പത്തിക ശക്തിയായി മുന്നേറാനുള്ള ചൈനയുടെ വ്യഗ്രത പലപ്പോഴും ഇന്ത്യക്കെതിരെ അയല്‍ രാഷ്ട്രങ്ങളെ പ്രലോഭിപ്പിച്ച് കൂടെനിര്‍ത്തിക്കൊണ്ടാണ് നടപ്പിലാക്കുന്നത്.
പ്രകൃതി വിഭവങ്ങളടക്കം ചൂഷണം ചെയ്തുകൊണ്ടുള്ള ചൈനയുടെ നിലപാടുകള്‍ പുറത്തറിഞ്ഞിട്ടും ആഗോള ചര്‍ച്ചയ്ക്കുള്ള സാധ്യത ഇല്ലാതാക്കാനും ചൈനയ്ക്ക് കഴിയുന്നു. കാശ്മീര്‍ പോലുള്ള തര്‍ക്കവിഷയങ്ങള്‍ നിലനിര്‍ത്താന്‍ ചൈനയ്ക്കുള്ള താല്പര്യം പലപ്പോഴും പുറത്തായിട്ടുണ്ട്.
ഇപ്പോള്‍ എന്‍എസ്ജിയില്‍ ഇന്ത്യന്‍ അംഗത്വം തയാനുള്ള ചൈനയുടെ ശ്രമം.
ഏറെ പറയേണ്ട വിഷയമാണ് ഇവ ഏറെ പ്രാധാന്യമുള്ളതും..എന്നിട്ടും യാഥാര്‍ത്ഥ ശത്രുവിന് നേരെ ഇന്ത്യ ഇതുവരെ സ്വീകരിച്ചത് മൃദുസമീപനമായിരുന്നു എന്നിടത്താണ് സ്വയംവിമര്‍ശനം ആവശ്യമായി വരുന്നത്.. ചൈന ഇന്ത്യയുടെ ശത്രുവല്ല എന്ന രീതിയിലുള്ള അഴകൊഴമ്പന്‍ നയതന്ത്രമാണ് ഇന്ത്യ പിന്തുടര്ന്നിരുന്നത്. എല്ലാതരത്തിലും ചൂഷണം ചെയ്യുമ്പോഴും, ഭീഷണിയാകുമ്പോഴും ഇന്ത്യയെ കമ്പോളമായി നിലനിര്‍ത്താനുള്ള ചൈനയുടെ വാണിജ്യ താല്പര്യവും വിജയിച്ച് പോന്നു. ശത്രുവിനെ ശത്രുവായി തിരിച്ചറിയാതിരുന്ന ഇന്ത്യന്‍ ഭരണകൂടങ്ങളും നേതാക്കളും ചൈനയ്ക്ക് മുന്നില്‍ ഒച്ഛാനിച്ച് നിന്ന വര്‍ഷങ്ങള്‍. ഹിന്ദി-ചീനി ഭായി ഭായി എന്ന മുദ്രാവാക്യം നയതന്ത്രതവാടത്തിലൊട്ടിച്ച് മൂന്നാം ലോക നേതാവാകാനുള്ള നെഹ്രുവിന്റെ ശ്രമത്തിന് ചതിയിലൂടെ 1962ല്‍ ചൈന മറുപടി നല്‍കിയിട്ടും ഇന്ത്യ പഠിച്ചില്ല. ചൈനയെ പേടിച്ചും, ബഹുമാനിച്ചും സ്വയം ലോകരാജ്യങ്ങള്‍ക്കിടയില്‍ അപഹാസ്യരാവുകയായിരുന്നു ഇന്ത്യ ഇതുവരെയും
ചൈനയുടെ വളര്‍ച്ചയ്ക്ക് വളമായത് ഇന്ത്യയുടെ ഭരണപരമായ കഴിവില്ലായ്മ-
അമേരിക്കക്കൊപ്പം വന്‍ ശക്തിയായി മാറാനുള്ള ചൈനയുടെ ശ്രമത്തിന് തുടക്കമായത് 1972ല്‍ അവര്‍ നടപ്പിലാക്കിയ സാമ്പത്തിക ഉദാരീകരണത്തോടെയാണ് എന്നാണ് സാമ്പത്തീക വിദഗ്ധര്‍ പറയുന്നത.് എന്നാല്‍ ഇന്ത്യയാകട്ടെ ലോക സാമ്പത്തീക വ്യവസ്ഥ എങ്ങോട്ടാണ് പോകുന്നത് എന്ന് മനസ്സിലാക്കാനും അത് തിരിച്ചറിഞ്ഞ് സാമ്പത്തിക നയം മാറ്റാനും 20 കൊല്ലം വൈകി. ഇതിനിടയില്‍ ഇന്ത്യയേക്കാള്‍ ചൈന നാലുമടങ്ങ് ശക്തിയാര്‍ജ്ജിച്ചിരുന്നു.
സാമ്പത്തികരംഗത്ത് മാത്രം ഒതുങ്ങുന്നില്ല ഇന്ത്യയുടെ നിസ്സംഗതയും നിസ്സഹായതയും. രാഷ്ട്രീയമായും ചൈനയുടെ മേധാവിത്വത്തിന് മുന്നില്‍ ഇന്ത്യ കീഴടങ്ങി. പഞ്ചശീല തത്വങ്ങള്‍ മുന്നോട്ട് വച്ച് ഹിന്ദി-ചീനി ഭായി ഭായി എന്ന മുദ്രാവാക്യം ഉയര്‍ത്തിയ നെഹ്റുവിയന്‍ നയതന്ത്രത്തിനേറ്റ പരാജയം മുതല്‍ തുടങ്ങുന്നു അത്.
ഇന്ത്യയ്ക്ക് ലഭിക്കേണ്ട യുഎന്‍ സ്ഥിരാംഗത്വം ചൈനയ്ക്ക് തളികയില്‍ വെച്ച് നല്കിയ ജവഹര്‍ലാല്‍ നെഹ്റു
1955ല്‍ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ സ്ഥാിരാഗംഗത്വത്തിന് പ്രധാനമായും പരിഗണിക്കപ്പട്ടത് ഇന്ത്യയുടെ പേരായിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന നെഹ്റു സ്വീകരിച്ചത് ചൈന ആ സ്ഥാനം ആദ്യം ഏറ്റെടുക്കട്ടെ എന്നായിരുന്നു. യുഎന്നിലെ അന്നത്തെ ചോദ്യം ചെയ്യാനാവാത്ത ശക്തിയായിരുന്ന യുഎസ് യുഎന്‍ സ്ഥിരാംഗമാകാന്‍ ക്ഷണിച്ചത് ഇന്ത്യയെ ആയിരുന്നു. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്റു അക്കാലത്ത് സോവിയറ്റ് പ്രീമിയര്‍ മാര്‍ഷല്‍ നിക്കോളായ് എയോട് ക്ഷണത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ‘ ഞാന്‍ കരുതുന്നത് അവര്‍ ചൈനയെ പ്രവേശിപ്പിക്കുന്നത് ശ്രദ്ധ ചെലുത്തട്ടെ എന്നാണ്. ചൈന പിന്നീട് യുഎന്‍ സ്ഥിരാഗംത്വം നേടുകയും ചെയ്തു.. ഇന്ന് യുഎന്‍ സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് ഏറ്റവും വലിയ തിരിച്ചടി ചൈനയുടെ ഇന്ത്യ വിരുദ്ധ നിലപാടുകളാണ്. ഒരു തരത്തിലും ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം അനുവദിക്കില്ലെന്ന നിലപാടിലാണ് ചൈന. ഇന്ത്യയ്ക്ക് കിട്ടേണ്ടിയിരുന്ന യുഎന്‍ സ്ഥിരാംഗത്വം എന്ന സ്ഥാനം ചൈനയ്ക്ക് തളികയില്‍ വെച്ച് നല്കിയ നെഹ്റുവിന്റെ ദീര്‍ഘ വീക്ഷണമില്ലാത്ത നിലപാട് ഇന്ത്യക്ക് വലിയ തിരിച്ചടിയായെന്ന് ചരിത്രകാരന്മാര് വിമര്‍ശിക്കുന്നു.
ചൈനയ്ക്ക് മുന്‍പെ യുഎന്നില്‍ സ്ഥിരാംഗത്വം ലഭിക്കേണ്ട രാജ്യമായിരുന്നു ഇന്ത്യ എന്ന് പറഞ്ഞാല്‍ പുതിയ തലമുറയിലെ എത്രപേര്‍ വിശ്വസിക്കും. അതേവരെ വച്ചു നീട്ടപ്പെട്ട യുഎന്‍ സ്ഥിരാംഗത്വം ചൈനയ്ക്ക് നല്കി പൊതുവായി ഇടതുപക്ഷ ചേരിയോടൊപ്പം നില്‍ക്കുകയായിരുന്നു നെഹ്രു നയിച്ചിരുന്ന ‘സോഷ്യലിസ്റ്റ’് ഇന്ത്യ. ചൈനയുടെ ചതി മനസ്സിലാക്കാതെ പോയ നെഹ്റുവിന്റെ കൊട്ടിഘോഷിക്കപ്പെട്ട നയതന്ത്രത്തിനേറ്റ ഏറ്റവും വലിയ അടിയായിരുന്നു ഇന്ത്യ-ചൈന ആദ്യ യുദ്ധം. പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈനയെ ആദ്യം അംഗീകരിച്ച ഇന്ത്യക്ക് അയല്‍രാജ്യം നല്കിയ ‘നന്ദിപ്രകടനം’ .ഈ ഒരൊറ്റയുദ്ധത്തൊടെ ഇന്ത്യ അതിന്റെ സോഷ്യലിസ്റ്റ് മുഖം മൂടി അഴിച്ചുവെച്ച് തീവ്ര വലതുഭാഗങ്ങളിലേക്ക് മാറാന്‍ തുടങ്ങിയെങ്കിലും ചൈനയുടെ അടിയ്ക്ക് ശക്തമായ മറുപടി നല്കുന്നതില് പരാജയപ്പെടുകയായിരുന്നു. ഇന്ത്യാ ചൈന ബന്ധത്തിന്റെ ഊഷ്മളത ഇല്ലാതായത് 1962ലെ യുദ്ധത്തിനു ശേഷമാണ്. 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ട ചൈനീസ് ആക്രമണത്തില്‍ ഇന്ത്യക്ക് ഏകദേശം 50,000 ച.കി. ഭൂപ്രദേശം നഷ്ടമായി. നേഫ, ലഡാക്, സിക്കിം മേഖലകളിലായി നീണ്ടുകിടക്കുന്ന ഈ അതിര്‍ത്തിപ്രദേശങ്ങള്‍ ഇന്നും ചൈനയുടെ പിടിയില്‍ തന്നെയാണ് എന്ന സാമൂഹ്യപാഠം ഇന്ത്യയെ വേദനിപ്പിക്കുന്നത് തന്നെയാണ്. ഈ മുറിവില്‍ ഉപ്പ് പുരട്ടുന്ന നടപടികള്‍ അനവധി പിന്നീടും ചൈനയുടെ ഭാഗത്ത് നിന്നുണ്ടായെങ്കിലും ഇന്ത്യന്‍ നിലപാട് ഏറെ നിരാശകരമായിരുന്നുവെന്ന് പറയാതെ വയ്യ.
1962ലെ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് 1383 പട്ടാളക്കാരുടെ ജീവന് ബലിനല്‍കേണ്ടി വന്നു. 1996 ഭടന്മാര് പിന്നീട് ഇന്ത്യന്‍ മണ്ണില്‍ തിരിച്ചെത്തിയില്ല. ആയിരത്തിലധികം പേര്‍ക്ക് പരിക്കേറ്റു. 3968 ഭടന്മാരെ ചൈന പിടികൂടി. 1959ല്‍ ടിബറ്റന്‍ ജനത നടത്തിയ സ്വാതന്ത്ര്യ പോരാട്ടത്തെ ചൈന അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ടിബറ്റിന്റെ ആത്മീയ നേതാവ് ദലൈലാമ അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് അഭയാര്‍ഥികളായി വരുകയും പരമ്പരാഗത ബന്ധങ്ങളുടെ പേരില്‍ ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്തത് ചൈനയെ പ്രകോപിപ്പിച്ചു. യുദ്ധമുറിവും, അതിര്‍ത്തിയിലെ കയ്യേറ്റശ്രമങ്ങളും നിലനില്‍ക്കെ തന്നെ ഇന്ത്യ ചൈനയുമായി സൗഹൃദത്തില്‍ തുടരുകയായിരുന്നു അതുവരെ. 1954 ലെ സൗഹൃദ കരാര്‍ കാറ്റില്‍ പറത്തി ഇന്ത്യയെ ചൈന വീണ്ടും കടന്നാക്രമിച്ചത് ദലൈലാമയ്ക്ക് രാഷ്ട്രീയ അഭയം നല്‍കിയതിന്റെ പേരിലായിരുന്നു. യുദ്ധത്തിനു പിന്നാലെ ചൈന ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിന് മേല്‍ അവകാശവാദവും ഉന്നയിച്ചു. ഇതോടെ ഇന്ത്യാ ചൈന ബന്ധം പൂര്‍ണമായും വഷളായി.
ഏത് രാഷ്ട്രങ്ങളായാലും അതോടെ തീരേണ്ട വാണിജ്യബന്ധങ്ങള്‍ വീണ്ടും പുനരാരംഭിക്കാന്‍ ചൈനക്ക് കഴിഞ്ഞു എന്നിടത്താണ് വീണ്ടും അവര്‍ ഇന്ത്യക്ക് മേല്‍ വിജയം അടയാളപ്പെടുത്തുന്നത്. ഇന്ത്യയെ എല്ലാതലത്തിലും ആക്രമിക്കുക, ഒപ്പം രാജ്യത്തിന് ഗുണമുണ്ടാക്കുന്ന തരത്തില്‍ ഇന്ത്യയെ വാണിജ്യപരമായി ഉപയോഗിക്കുക ഇതായിരുന്നു ചൈന പിന്തുടര്‍ന്ന നയം. വിട്ടുവീഴ്ച ചെയ്യുന്നത് എന്നും ഇന്ത്യ എന്ന നിലയില്‍ കാര്യങ്ങളെ ‘ഭംഗിയായി’ നടത്താന്‍ അവര്‍ക്ക് കഴിഞ്ഞുവെന്ന് സാരം.
ചൈനയുടെ ഭാഗത്ത് നിന്ന് ഇന്ത്യക്കുള്ള വെല്ലുവിളികള്‍
1-സാമ്പത്തീക രംഗത്ത് ഇന്ത്യയെ ശത്രുവായി നിര്‍ത്തിയുള്ള പരോക്ഷ നിലപാടുകള്‍ എന്നും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു
2- നമ്മുടെ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനിലും, നേപ്പാളിലും, ശ്രീലങ്കയിലും ചൈന പുലര്‍ത്തുന്ന സജീവ താല്പര്യവും സ്വാധീനവും ഇന്ത്യയെ ലക്ഷ്യമിട്ടാണെന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
3- ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കടന്നുകയറാനുള്ള ചൈനയുടെ നീക്കം ഏറെ ഗൗരവത്തോടെയാണ് ഇന്ത്യ കാണുന്നത്.
4- അമേരിക്കയേപ്പോലെ അടുത്ത ലോക പോലീസ് ആകാനുള്ള നയതന്ത്ര ചരടവലികള് തിരിച്ചടിയാകുന്നത് ഇന്ത്യക്കാണ്.
5-പാക്കിസ്ഥാനെ പ്രത്യക്ഷത്തില്‍ തന്നെ സഹായിച്ച് ഇന്ത്യക്കെതിരെ നീങ്ങുകയാണ് ചൈന
6-എന്‍എസ്ജിയില്‍ ഇന്ത്യ അംഗമാകുന്നതിനെതിരെ ചൈനിസ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഇന്ത്യയെ അവര്‍ എങ്ങനെ പ്രതിരോധിക്കാന്‍ ഉദ്ദേശിക്കുന്നു എന്നതിന്റെ തെളിവാണ്.
ചൈന തിരിച്ചറിയുന്നു; പഴയ ഇന്ത്യയല്ല മോദിയുടെ പുതിയ ഇന്ത്യ
എന്നാല്‍ ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന തിരിച്ചറിവാണ് ഇപ്പോഴുള്ള ചൈനിസ് പ്രതിരോധത്തെ ശക്തമാക്കുന്നതിന് പിന്നില്‍. പാക്കിസ്ഥാനല്ല, ചൈന തന്നെയാണ് പ്രധാനശത്രുവെന്ന് ‘മോദിയുടെ ഇന്ത്യ’ തിരിച്ചറിഞ്ഞിരിക്കുന്നു. ഇത് ചൈനയെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. നയതന്ത്രബന്ധത്തേക്കാളുപരി സാമ്പത്തിക രംഗത്ത് ഇന്ത്യ വളരുന്നതാണ് ചൈനയുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നത്.
ലോകനേതാവ് എന്ന നിലയിലേക്കുള്ള മോദിയുടെ വളര്‍ച്ച ലോക പോലിസ് അല്ലെങ്കില്‍ ഏഷ്യന്‍ പോലിസാകാനുള്ള ചൈനയുടെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കഴിഞ്ഞു. എതിര്‍ക്കും തോറും ശക്തിപ്രാപിക്കുന്ന തരത്തിലേക്ക് ഇന്ത്യ രണ്ട് വര്‍ഷങ്ങളായി വളരുന്നു എന്ന തിരിച്ചറിവ് ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത് ചൈനയെ ആണ്. അഫ്ഗാനിസ്ഥാനെ സുഹൃത്തായി മാറ്റാനുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ ചൈനയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് ചൈനയുമായി അതൃപ്തിയുള്ള ജപ്പാന്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കൂട്ട്ചേരല്. ഇന്ത്യന്‍ സമുദ്രമേഖലകളിലേക് ചൈന കടന്നുകയറാന്‍ നീക്കം നടത്തുമ്പോള്‍ ചൈനീസ് നിയന്ത്രണത്തിലുള്ള ദക്ഷിണ ചൈനാക്കടലിലേക്ക് ഇന്ത്യയും കടന്നുകയറുന്നു. സാമ്പത്തീക ശക്തിയില്‍ പിന്നിലുള്ള ഇന്ത്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള കൈകോര്ക്കലോടെ ഇതിനെ അതിജീവിക്കാനുള്ള ശ്രമത്തിലാണ്. അതായത് ഈയിടെ ഇന്ത്യ യഥാര്‍ത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നു എന്നര്‍ത്ഥം. അമേരിക്ക. ജപ്പാന് ഉള്‍പ്പടെ ലോകശക്തികളുമായി തോള് ചേര്‍ന്നുള്ള ഇന്ത്യന്‍ നീക്കം ചൈനയ്ക്ക് ഇന്ത്യ നല്കുന്ന മറുപടിയാണ്. എന്‍എസ്ജിയില്‍ ഇന്ത്യയെ എതിര്‍ത്ത ചൈനയ്ക്ക് ഇനി സൗഹൃദത്തിന്റെ കപടമുഖവുമായി ഇനിയും ഇന്ത്യയെ തലകുനിച്ച് നിര്‍ത്താനാകില്ല എന്നുറപ്പ്. താല്‍ക്കാലികമായി നേടിയ ചെറിയ വിജയങ്ങളില്‍ ആഹ്ലാദിക്കാനും ചൈനയ്ക്ക് കഴിയില്ല.
വാണിജ്യരംഗത്തുള്ള സൗഹൃദങ്ങള്‍ ഇന്ത്യ അവസാനിപ്പിക്കുന്നതും ചൈനയ്ക്കാണ് വലിയ തിരിച്ചടിയാവുക. ചൈനയ്ക്കെതിരെയുള്ള നിലപാടുകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചൈനിസ് ഉത്പന്നങ്ങള്‍ നിരോധിക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ശക്തമാകുന്നുണ്ട്. ഇത്തരമൊരു നീക്കമുണ്ടായാല്‍ ചൈനിസ് വിപണിക്ക് അത് വലിയ തിരിച്ചടിയുണ്ടാക്കും.
Discussion about this post