പെരുമ്പാവൂര്‍:അമിറുളിനെ ജിഷയുടെ അമ്മ രാജേശ്വരിയുംസ സഹോദരി ദീപയും തിരിച്ചറിഞ്ഞില്ല. ആലുവ പോലിസ് ക്ലബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. നേരത്തെ ജയിലില്‍ വച്ച് നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ അയല്‍വാസിയായ വീട്ടമ്മ അമിറുള്‍ ഇസ്ലാമിനെ തിരിച്ചറിഞ്ഞിരുന്നു.
അമിറുള്‍ ജിഷയുടെ വീട് നിര്‍മ്മാണ ജോലിക്ക് എത്തിയിരുന്നുവെന്നും, ജിഷയുടെ അമ്മയ്ക്ക് ഇയാളെ അറിയാമെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അമ്മയെ തനിക്കറിയാമെന്നും അവരുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായെന്ന് അമിറുള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. ഈ മൊഴി തള്ളുന്നതാണ് ഇപ്പോള്‍ നടന്ന തിരിച്ചറിയല്‍ പരേഡ്.
ഇതിനിടെ ഇന്ന് രാവിലെ അമിറുളിനെ ജിഷയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
രാവിലെ ആലുവ പൊലീസ് ക്ലബില്‍ നിന്നാണ് അമീറിനെ കുറുപ്പുംപടി കനാല്‍കരയിലെ ജിഷയുടെ വീട്ടിലെത്തിച്ചത്. കസ്റ്റഡി കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വന്‍ പൊലീസ് സുരക്ഷയിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടി.അമിറുള്‍ താമസിച്ചിരുന്ന ലോഡ്ജിലും തെളിവെടുപ്പ് നടത്തി.
പ്രതിയെ രാവിലെ 6.25ഓടെയായിരുന്നു തെളിവെടുപ്പ്. കറുത്ത മുഖംമൂടി ധരിപ്പിച്ച് ഇയാളെ കുറുപ്പുംപടി കനാല്കരയിലെത്തിച്ചു. വീടിനുള്ളിലും വളപ്പിലും കൊലപാതകത്തിന് ശേഷം രക്ഷപെട്ട വഴിയിലും തൊണ്ടി മുതലായ ചെരുപ്പ് കണ്ടെടുത്ത സ്ഥലത്തുമാണ് തെളിവെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിലെ ഡി.വൈ.എസ്.പിമാരായ സോജന്, കെ. സുദര്ശന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വീട്ടിലെ തെളിവെടുപ്പിന് ശേഷംപ്രതിയെ ലോഡ്ജിലെത്തിച്ചു. ഈ സമയത്ത് പ്രദേശവാസികള്‍ പൊലീസ് വാഹനത്തിന് പുറത്ത് തടിച്ച് കൂടിയതോടെ പ്രതിയെ മുറിയിലെത്തിക്കാതെ മടങ്ങുകയായിരുന്നു. കുറുപ്പുംപടിയിലെ ബിവറേജസ് മദ്യവല്‍പനശാലയിലും ചെരുപ്പ് വാങ്ങിയ കടയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷനില്‍ എത്തിച്ചു.
ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്ന് ഡി.വൈ.എസ്.പി കെ. സുദര്ശന് മാധ്യമങ്ങളെ അറിയിച്ചു. പ്രദേശവാസികളുടെ പ്രതികരണം ഏത് വിധത്തിലാകും എന്ന ആശങ്കയിലാണ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പ് പുലര്‍ച്ചെയാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ആലുവ പൊലീസ് ക്ലബില്‍ നിന്ന് എട്ടു പൊലീസ് വാഹനങ്ങളുടെ സുരക്ഷയിലാണ് പ്രതി കുറുപ്പുംപടിയിലെത്തിച്ചത്. കൊലപാതക സമയത്ത് പ്രതി ധരിച്ചിരുന്ന മഞ്ഞ ബനിയനും കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെടുക്കാനായിട്ടില്ല.
Discussion about this post