തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ കൈമാറി ജസ്‌ന. കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കിടെ രണ്ട് ചിത്രങ്ങളാണ് ജസ്‌ന സുരേഷ് ഗോപിയ്ക്ക് നൽകിയത്. ഇതിൽ ഒന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നൽകും.
ശനിയാഴ്ച സുരേഷ് ഗോപി മാധവനിവാസിൽ എത്തിയിരുന്നു. അപ്പോഴായിരുന്നു ജസ്‌ന അദ്ദേഹത്തെ കണ്ടത്. സംസാരത്തിനിടെ ചിത്രങ്ങൾ വരച്ച് വിറ്റത് കൊണ്ട് കിട്ടുന്ന പണം ഉപയോഗിച്ച് രക്ഷിതാക്കൾക്കായി വീട് വച്ച് നൽകണം എന്ന് ജസ്‌ന സുരേഷ് ഗോപിയോട് പറയുകയായിരുന്നു. ഇതോടെ ജസ്‌ന കയ്യിൽ കരുതിയിരുന്ന രണ്ട് ചിത്രങ്ങളും വേണമെന്നായി സുരേഷ് ഗോപി. തുടർന്ന് രണ്ട് ചിത്രങ്ങളും കൈമാറുകയായിരുന്നു. നേരത്തെ ഉണ്ണിക്കണ്ണന്റെ ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജസ്‌ന കൈമാറിയിരുന്നു. അതിനാൽ ഇക്കുറി ഒരു ചിത്രം അമിത് ഷായ്ക്ക് നൽകാമെന്ന് സുരേഷ് ഗോപി പറയുകയായിരുന്നു.
കൊയിലാണ്ടി സ്വദേശിനിയാണ് ജസ്‌ന സലീം. 2,500 മുതൽ 20,000 രൂപ വരെയാണ് ജസ്‌നയുടെ ചിത്രങ്ങൾക്ക് വില. ഓർഡർ ചെയ്യുന്നതിന് അനുസരിച്ചാണ് ജസ്‌ന ചിത്രങ്ങൾ വരച്ച് നൽകാറുള്ളത്. സുരേഷ് ഗോപിയുടെ പിന്തുണയാൽ 150 ഓളം ചിത്രങ്ങളുടെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നാണ് ജസ്‌ന പറയുന്നത്.
24ാം വയസ്സ് മുതൽ ആയിരുന്നു ജസ്‌ന ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് തുടങ്ങിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ സമർപ്പിച്ചതോടെയായിരുന്നു ജസ്‌നയുടെ കഴിവ് പുറത്തറിഞ്ഞത്. വെണ്ണക്കണ്ണന്റെ 101 ചിത്രങ്ങൾ ആയിരുന്നു ജസ്‌ന വഴിപാടായി നൽകിയത്. ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കുന്നതിൽ ജസ്‌ന രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നത്.












