തിരുവനന്തപുരം:എ.കെ.ജി. സെന്ററിലേക്ക് പടക്കമെറിഞ്ഞ സംഭവത്തിൽ ഒളിവിലായിരുന്ന രണ്ടാംപ്രതി പിടിയിൽ. കെ.പി.സി.സി. അദ്ധ്യക്ഷൻ കെ സുധാകരന്റെ അടുത്ത അനുയായിയായ സുഹൈൽ ഷാജഹാനെ ഡൽഹി വിമാനത്താവളത്തിൽ വെച്ചാണ് പിടികൂടിയത്. കേസിലെ മുഖ്യ ആസൂത്രകനാണ് സുഹൈലെന്നാണ് പോലീസ് പറയുന്നത്. ക്രൈബ്രാഞ്ച് സംഘം ഡൽഹിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുവരും.കെ സുധാകരന്റെ ഏറ്റവും അടുത്ത ആളായിട്ടാണ് സുഹൈൽ അറിയപ്പെടുന്നത്.
ഇയാൾ കഴിഞ്ഞ കുറച്ചു കാലമായി വിദേശത്തായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ എത്തിയ ഇയാളെ ലുക്കൗട്ട് നോട്ടീസ് പ്രകാരം തടഞ്ഞുവെക്കുകയായിരുന്നു.
സുഹൈൽ ഷാജഹാനാണ് സ്ഫോടക വസ്തു എകെജി സെന്ററിന് നേരെ എറിയാൻ കൂട്ടുപ്രതികളെ പ്രേരിപ്പിക്കുകയും ആസൂത്രണം നടത്തുകയും ചെയ്തത് എന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.











