ബീജിംഗ്: ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. അംഗത്വം ലഭിക്കാത്തതിന് ചൈനയെ അപകീര്‍ത്തിപ്പെടുത്തുന്നതിന് പകരം അന്താരാഷ്ട്ര തലത്തില്‍ വിശ്വാസം നേടാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്നും ചൈനയുടെ ഔദ്യോഗിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവ വിതരണ ഗ്രൂപ്പിലേക്കുള്ള പ്രവേശനം തടഞ്ഞതിന് ചൈനയെ വിമര്‍ശിച്ച ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു.ഈ സാഹചര്യത്തിലാണ് വിമര്‍ശനവുമായി ചൈന വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഇപ്പോഴും 1962ലെ യുദ്ധത്തിന്റെ നിഴലിലാണെന്നും അന്താരാഷ്ട്ര തലത്തിലുള്ള വിശ്വാസം ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുകയാണെന്നും ചൈനാ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇന്ത്യയുടെ പ്രവേശനം നിഷേധിക്കപ്പെട്ടതിന് ഇന്ത്യയിലെ മാദ്ധ്യമങ്ങള്‍ എല്ലാം തന്നെ ചൈനയെ കുറ്റപ്പെടുത്തുകയാണ്. ചൈന, ഇന്ത്യാ വിരുദ്ധ നിലാപടും പാകിസ്ഥാന് അനുകൂല മനോഭാവവും കൊണ്ടു നടക്കുന്നു എന്നാണ് മാദ്ധ്യമങ്ങളുടെ പ്രചരണം. ചൈനയില്‍ നിന്നുള്ള ഉല്പന്നങ്ങള് ബഹിഷ്കരിക്കാന്‍ പോലും ആഹ്വാനം ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മരവിപ്പിക്കും പത്രം പറയുന്നു.
ദക്ഷിണ കൊറിയയിലെ സോളില്‍ കഴിഞ്ഞ മാസം നടന്ന എന്‍.എസ്.ജി യോഗത്തിന്റെ തീരുമാനം അംഗീകരിക്കാന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ട് ഉണ്ടെന്നാണ് മനസിലാകുന്നത്. ചൈനയുടെ കാര്യത്തില്‍ ഇന്ത്യ കൂടുതല്‍ വസ്തുനിഷ്ഠമായി കാര്യങ്ങളെ കാണണം. എന്‍.എസ്.ജി അംഗത്വം ലഭിക്കണമെങ്കില്‍ ആണവ നിര്‍വ്യാപന കരാറില്‍ (എന്‍.പി.ടി) ഒപ്പിട്ടിരിക്കണമെന്ന വ്യവസ്ഥയുണ്ട്. എന്നാല്‍ ഇന്ത്യ എന്‍.പി.ടിയില്‍ ഒപ്പിട്ടിട്ടില്ല. ഇക്കാര്യം ചൈനയെ കൂടാതെ മറ്റു രാജ്യങ്ങളും യോഗത്തില്‍ ഉന്നയിച്ചു.
ഇന്ത്യ ഇപ്പോഴും 1960കളിലെ യുദ്ധത്തിന്റെ നിഴലിലാണ്. മാത്രമല്ല, ഇന്ത്യ ഉയരുതന്നത് ചൈന ആഗ്രഹിക്കുന്നില്ല എന്ന കാലഹരണപ്പെട്ട ഭൂരാഷ്ട്രതന്ത്രമാണ് മുറുകെ ഇന്ത്യയിലെ ഭൂരിഭാഗം പേരും പിടിച്ചിരിക്കുന്നത്. ഇന്ത്യ ചൈനയെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ലളിതമായ രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഇന്ത്യയെ ചൈന ഒരിക്കലും കാണുന്നില്ല. എന്നാല്‍ സാമ്പത്തിക കാഴ്ചപ്പാടാണ് ചൈനയ്ക്കുള്ളതെന്നും ലേഖനം പറയുന്നു.
സാമ്പത്തികവ്യാപാര സഹകരണം മെച്ചപ്പെടുത്തി മുന്നോട്ട് പോവുകയാണ് ഇന്ത്യയ്ക്കും ചൈനയ്ക്കും മുന്നിലുള്ള ഏറ്റവും നല്ല വഴി. പൊതുവായ വികസന വഴി കണ്ടെത്തിയാല്‍ ചൈനയ്ക്കും ഇന്ത്യയ്ക്കും അന്താരാഷ്ട്ര തലത്തില്‍ പുതിയൊരു അണിനിര ഉണ്ടാക്കാനാവുമെന്നും പത്രം പറയുന്നു.
Discussion about this post