ധാക്കയിലെ ഭീകരാക്രമണത്തിന് പ്രചോദനമായി എന്ന് ആരോപണമുയര്‍ന്ന മുസ്ലിം പണ്ഡിതനും വിവാദനായകനുമായ സാക്കീര്‍ നായികിനെ പിന്തുണച്ച് കേരളത്തില്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍. #westandwithzakirnaik എന്ന ഹാഷ് ടാഗിലാണ് കാമ്പയിന്‍.
മുസ്ലിം പണ്ഡിതനെ കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്ന എന്നാണ് കാമ്പയിനില്‍ അഭിപ്രായമുയരുന്നു. ഭീകരതക്ക് എതിരായ നിലപാടാണ് സാക്കീര്‍ നായിര് സ്വീകരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചരണത്തിനെതിരെ ഓണ്‍ലൈന്‍ പെറ്റീഷനും ചിലര്‍ തയ്യാറാക്കുന്നുണ്ട്.
അതേസമയം യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രസംഗങ്ങളാണ് നായികിന്റേത് എന്ന ആരോപണമാണ് എതിര്‍ പക്ഷം ഉന്നയിക്കുന്നത്. ബംഗ്ലേദാശ് സ്‌ഫോടനത്തിന് പ്രചോദമായത് സാക്കിര്‍ നായിക്കാണെന്ന ഭീകരാക്രമണത്തില്‍ പങ്കാളിയായ യുവാക്കള്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചതാണ് ഇപ്പോഴത്തെ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയത്.
ഭീകരരുടെ പ്രതികരണത്തിന്റെ പശ്ചാത്തലത്തില്‍ നായികിന്റെ പ്രസംഗങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുകയാണെന്ന വാര്‍ത്ത ഇന്നലെ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് ചിലര്‍ നായികിന് പിന്തുണയുമായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ആരംഭിച്ചത്. അതേസമയം സാക്കീര്‍ നായികിന്റെ പ്രസംഗങ്ങള്‍ ഇസ്ലാമിക തീവ്രവാദികള്‍ക്ക് പ്രചോദനമാണെന്നും, പ്രഭാഷണങ്ങള്‍ നിരോധിക്കണമെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സാക്കിര്‍ നായികിനെതിരായ അന്വേഷണം മുസ്ലിം സമൂഹത്തിനെതിരെ എന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് വലിയ അപകടമാകുമെന്നും സോഷ്യല്‍ മീഡിയ മുന്നറിയിപ്പ് നല്‍കുന്നു.
മതവിദ്വേഷ പ്രഭാഷണങ്ങള്‍ നടത്തുന്ന നായിക്കിന് ഇക്കാരണം ചൂണ്ടിക്കാണിച്ച് ബ്രിട്ടന്‍, കാനഡ, മലേഷ്യ എന്നിവയുള്‍പ്പെട്ട രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മലേഷ്യ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള 16 ഇസ്ലാമിക് പണ്ഡിതന്മാരില്‍ ഒരാള്‍കൂടിയാണ് നായിക്ക്. ഈ സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യയില്‍ കൂടി നായിക്കിന്റെ പ്രഭാഷണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നത്. ശക്തമായ പ്രതിഷേധമാണ് ഇന്ത്യയില്‍ നായിക്കിനെതിരെ ഉയരുന്നത്.
ഇന്ത്യക്കാരനായ സാക്കിര്‍ നായിക് ബംഗ്ലാദേശിലെ പീസ്സ് ടീ.വിയിലെ പരിപാടിയിലൂടെ പ്രശസ്തനാണ്. മുംബൈ ആസ്ഥാനമായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകനായ സാക്കീര്‍ നിരവധി വിവാദ പരാമര്‍ശങ്ങളിലൂടെ വിവാദ നായകനായിരുന്നു.
Discussion about this post