ഡല്‍ഹി: സമൂഹ മാധ്യമങ്ങളിലെ ട്രോള്‍ നിയന്ത്രണ നീക്കത്തിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി. സ്വാതന്ത്ര്യ ലംഘനമല്ല ലക്ഷ്യമെന്നും മനേക ഗാന്ധി പറഞ്ഞു. ഇന്റര്‍നെറ്റിനെ പൊലീസ് നീരീക്ഷണത്തിലാക്കുകയല്ല സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മറിച്ച് ഇന്റര്‍നെറ്റ് വഴിയുള്ള പീഡനങ്ങള്‍ സംബന്ധിച്ച പരാതികള്‍ ലഭിക്കുമ്പോള്‍ നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഇന്റര്‍നെറ്റിലൂടെ മോശം പരാമര്‍ശം, പീഡനം, വിദ്വേഷ പ്രചാരണം തുടങ്ങി മൂന്ന് തരത്തിലുള്ള പരാതികള്‍ സ്വീകരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ഇതിന് വേണ്ടി പ്രത്യേകം മെയില്‍ ഐഡി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ച നടത്താന് ട്വിറ്ററിന്റേം ഇന്ത്യയിലെ പൊതുനയവിഭാഗം മേധാവി മഹിമ കൗളുമായി മനേക ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ട്വിറ്ററുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കുമെന്ന ചര്‍ച്ചയില്‍ മഹിമാ കൗള്‍ പറഞ്ഞു.
ട്വിറ്ററിലൂടെ സ്ത്രീകള്‍ക്കെതിരെ വധഭീഷണിയുള്‍പ്പെടെയുണ്ടായ സാഹചര്യത്തിലാണ് നടപടികള്‍ ശക്തമാക്കാന്‍ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം തീരുമാനിച്ചത്. ട്രോളിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് പരാതി നല്‍കുന്നതിന് വേണ്ടി മനേക ഗാന്ധി ട്വിറ്ററില്‍ പ്രത്യേകം ഹാഷ് ടാഗ് തുടങ്ങിയിരുന്നു. ഇത്തരത്തില്‍ ലഭിക്കുന്ന പരാതികള്‍ ദേശീയ വനിത കമ്മീഷന് കൈമാറുമെന്ന് മന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ബോളിവുഡ് നടന് സല്‍മാന്‍ ഖാന്‍ നടത്തിയ മാനഭംഗ പരാമര്‍ശത്തെ വിമര്‍ശിച്ച് സംഗീതജ്ഞ സോന മെഹ്പത്രയ്‌ക്കെതിരെ നവമാധ്യമങ്ങളിലെ വലിയ ട്രോളുകളക്കം വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിക്കെതിരേയും ഡല്‍ഹിയിലെ എഴുത്തുകാരി അര്‍പ്പണ ജെയ്‌നിനെതിരേയും ട്വിറ്ററില്‍ വധഭീഷണിയടക്കം ഉയര്‍ന്നിരുന്നു.
Discussion about this post