കാസര്‍കോട്: കേരളത്തില്‍ നിന്ന് നിരവധി കുടുംബങ്ങള്‍ ഇവിടെ നിന്ന് അപ്രത്യക്ഷരായി ഐഎസില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇറാഖിലും, സിറിയയിലും, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരതാണ്ഡവമാടുന്ന ഭീകരത കേരളത്തിന്റെ അടുത്തെത്തി എന്ന നിലയിലാണ് സോഷ്യല്‍ മീഡിയകളിലും മറ്റുമുള്ള പ്രതികരണങ്ങള്‍. അഞ്ച് കുടുംബങ്ങളെ കാണാതായി എന്ന് അവരുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ സംഭവം പുറത്ത് കൊണ്ടു വന്നത്്. എന്നാല്‍ ഇത്തരത്തില്‍ നിരവധി പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന ആശങ്കയാണ് ഇപ്പോള്‍ ഉയരുന്നത്.
കേരളത്തില്‍ തീവ്രവാദി സംഘടനകള്‍ പിടിമുറുക്കുന്നു എന്ന ആശങ്കയ്ക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്. വിവിധ സ്‌ഫോടനക്കേസുകളില്‍ അറസ്റ്റിലായ തടിയന്റവിടെ നസീര്‍ ഉള്‍പ്പടെ ഉള്ളവരെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ സംസ്ഥാന ഇന്റലിജന്‍സും പോലിസും ഇക്കാര്യത്തില്‍ പുലര്‍ത്തിയത് ഗുരുതരമായ അനാസ്ഥയാണ് എന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍.
കാസര്‍ഗോഡ് പാലക്കാട് ജില്ലകളില്‍ നിന്ന് അഞ്ച് കുടുംബങ്ങളെ കാണാനില്ല എന്ന വാര്‍ത്തയാണ് ഉപ്പോള്‍ പുറത്ത് വന്നത്. ഇതിന് പിറകെ മണക്കാട് സ്വദേശി ഫാത്തിമ നിമിഷയും ഭര്‍ത്താവിനെയും കാണാതായതായി ഫാത്തിമയുടെ മാതാവ് പരാതി നല്‍കിയിട്ടുണ്ട്. ഇനിയും ഇത്തരം പരാതികള്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ലഭിക്കുമെന്നാണ് പോലിസ് കരുതുന്നത്.
അഞ്ചു സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ബന്ധുക്കള്‍ ഇന്നലെ പരാതി നല്‍കിയിരുന്നു. ഭീകര സംഘടനയായ ഐ.എസിലേക്ക് ഇവര്‍ എത്തിപ്പെട്ടതായി സംശയിക്കുന്നതായി ബന്ധുക്കള്‍ പരാതിയില്‍ വ്യക്തമാക്കി. പടന്നയിലെ ഡോ. ഇഅ്ജാസ്, സഹോദരന്‍ ഷിയാസ്, ഇവരുടെ ഭാര്യമാര്‍, ബന്ധുക്കളായ അഷ്ഫാഖ്, ഹഫീസ്, തെക്കേ തൃക്കരിപ്പൂര്‍ ബാക്കിരിമുക്കിലെ മര്‍ശാദ്, ഫിറോസ്, ഉടുമ്പുന്തല സ്വദേശി അബ്ദുല്‍ റാഷിദ്, ഇയാളുടെ ഭാര്യ, ഇവരുടെ കുടുംബ സുഹൃത്തുക്കളായ പാലക്കാട്ടെ ഈസ, യഹിയ, ഇവരുടെ ഭാര്യമാര്‍ എന്നിവരാണ് രണ്ടുമാസത്തിനിടെ അപ്രത്യക്ഷരായത്.വിവിധ കാരണങ്ങള്‍ പറഞ്ഞാണ് ഇവര്‍ നാട്ടില്‍ നിന്ന് പോയത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.
പടന്നയിലെ അഷ്ഫാഖ് ആണ് ആദ്യമായി നാട് വിട്ടത്. ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയായിരുന്നുവത്രേ. മൂന്നു മാസത്തിനു ശേഷം തിരികെ എത്തിയ യുവാവ് മറ്റുള്ളവരെ കൂടി കൊണ്ടുപോയി. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും യുവാക്കള്‍ പോയിരുന്നു. ബിസിനസ് ആവശ്യം എന്നാണ് വീടുകളില്‍ പറഞ്ഞിരുന്നത്. ഇവരില്‍ നിന്ന് വീട്ടിലേക്ക് വല്ലപ്പോഴും സന്ദേശം വന്നിരുന്നതായി സൂചയുണ്ട്. സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് സന്ദേശം ലഭിച്ചിരുന്നത്. ടെലിഗ്രാം എന്ന ആപ്പ് വഴിയാണ് അവസാനം കുടുംബത്തിന് സന്ദേശം ലഭിക്കുന്നത്.
നിഷ്ഠയില്ലാതെ ജീവിച്ചിരുന്ന ചെറുപ്പക്കാര്‍ ചിട്ടയായ ജീവിതത്തിലേക്ക് വരുന്നതില്‍ വീട്ടുകാര്‍ തുടക്കത്തില്‍ ആശ്വാസം കണ്ടിരുന്നു. പിന്നീടാണ് ഇവര്‍ അകപ്പെട്ട വിപത്തിന്റെ വ്യാപ്തി ബന്ധുക്കള്‍ മനസിലാക്കുന്നത്.ഹഫീസ് അടുത്തിടെയാണ് വിവാഹം ചെയ്തത്. ഇയാളുടെ ഭാര്യ പക്ഷേ, നാടുവിട്ടുപോകാനുള്ള പരിപാടിയും ആശയവും നിരാകരിക്കുകയായിരുന്നുവെന്നാണ് വിവരം. അവസാനം ലഭിച്ച സന്ദേശത്തില്‍ ഞങ്ങളെ കുറിച്ച് അന്വേഷിക്കരുതെന്നു പറഞ്ഞതായി സൂചനയുണ്ട്.
Discussion about this post