മലപ്പുറം: കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്നായി 21 പേരെ ദുരൂഹസാഹചര്യത്തില്‍ കാണാതായ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന നിലമ്പൂരിലെ അത്തിക്കാട് കോളനിയെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം ഈ കോളനിയിലെ താമസക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
നിലമ്പൂരില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് വനത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ പ്രദേശം. പള്ളിയും മദ്രസയും ഇരുപതോളം വീടുകളുമുള്ള അഞ്ചേക്കറോളം സ്ഥലം. സ്‌കൂള്‍ അധ്യാപകനും മതപണ്ഡിതനുമായ സുബൈര്‍ മങ്കടയായിയിരുന്നു ഈ ആശയത്തിന് പിന്നില്‍. കേരള നദ്‌വത്തുല്‍ മുജാഹിദീനിലെ പിളര്‍പ്പിന് ശേഷം ഓദ്യോഗിക വിഭാഗത്തിനൊപ്പം നിന്ന സുബൈര്‍ പിന്നീട് സംഘടനാ സംവിധാനം തന്നെ അനിസ്ലാമികമാണെന്ന് പറഞ്ഞ് പുതിയ കൂട്ടായ്മ രൂപീകരിക്കുകയായിരുന്നു.
സമാന ആശയക്കാര്‍ ഒത്തുചേര്‍ന്നാണ് സ്ഥലം വാങ്ങി ഇത്തരമൊരു സംവിധാനം തുടങ്ങിയത്. എന്നാല്‍ പിന്നീട് ഇവര്‍ക്കിടയില്‍ ആശയപരമായ ഭിന്നതയുണ്ടാവുകയും 2013-ല്‍ സുബൈര്‍ മങ്കടയും മറ്റു ചിലരും ഇവിടം വിട്ടുപോയി.
2008 മുതല്‍ ഇവിടെ താമസക്കാരനായ യാസിറാണ് കഴിഞ്ഞ മാസം 23ന് നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇവിടെ താമസമാക്കിയ വ്യക്തിയുടെ പ്രവൃത്തികളില്‍ സംശയമുണ്ടെന്നാണ് പരാതി. മതവിഷയങ്ങളില്‍ അമിതമായ കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെയും ഒപ്പമുള്ളവരുടെയും പ്രവര്‍ത്തനങ്ങളില്‍ ദേശവിരുദ്ധമായതുതെന്തെങ്കിലുണ്ടെങ്കില്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
കോളനിയിലെ പള്ളിയില്‍ മൂന്നു വര്‍ഷമായി ജുമുഅ നമസ്‌കാരം നടക്കുന്നില്ല. മദ്രസ അടഞ്ഞു കിടക്കുകയുമാണ്.
Discussion about this post