മാണിക്കെതിരായ ബാര്‍ക്കോഴകേസില്‍ തുടരന്വേഷണം വേണ്ടെന്ന ഇടതു സര്‍ക്കാര്‍ നിലപാടിനെ കളിയാക്കി അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഭരണതുടര്‍ച്ചയുണ്ടാകും എന്ന് ഉമ്മന്‍ചാണ്ടി ഉറപ്പിച്ച് പറഞ്ഞപ്പോള്‍ നമ്മളാരും ഇത്രയ്ക്കു കരുതിയില്ല എന്നാണ് ജയശങ്കറിന്റെ കളിയാക്കല്‍.
പൊട്ടന്റെ ഭാഷ പൊട്ടന്റെ ഉമ്മയ്ക്ക് തിരിയും, മാണിസാറിന്റെ മഹത്വം പിണറായി വിജയന് മനസിലാകും.
50 കൊല്ലമായി നിയമസഭാംഗം, 25 കൊല്ലം മന്ത്രി, അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്, പെരിസ്ട്രോയ്ക്ക കണ്ടുപിടിച്ച മഹാന്, ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഒരു ഹാള്‍ വാടകയ്ക്കെടുത്തു പ്രസംഗിച്ച ആദ്യ മലയാളി. ഏതു നിലയ്ക്കും മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍.
ഉമ്മന്‍ ചാണ്ടിയെ അട്ടിമറിക്കുന്നപക്ഷം ഒരു ഒന്നരക്കൊല്ലം മാണിസാറിന് മുഖ്യമന്ത്രി കസേര ഓഫര്‍ ചെയ്തു. പക്ഷെ രാഹുല്‍ ഗാന്ധി മൂന്നാം യു.പി.എ സര്‍ക്കാരില്‍ സഹ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ ജോസ് കെ.മാണി അപ്പനെ പിന്തിരിപ്പിച്ചു. ഒടുവില്‍ ഒറ്റാലില് കിടന്നതും പോയി, മേലുന്നു വന്നതും പോയി.
ഉമ്മന്‍ ചാണ്ടി കെറുവിച്ചു ബിജു രമേശിനെ രംഗത്തിറക്കി. പാവം മാണിസാറിനെ നാറ്റിച്ചു നാണം കെടുത്തി രാജിവെപ്പിച്ചു. കൂടെ രാജിവെയ്ക്കാന്‍ ഔസേപ്പച്ചന് കൂട്ടാക്കിയില്ല. ഉണ്ണ്യാടന് രാജി പ്രഖ്യാപിച്ചു, പക്ഷെ ഉമ്മന്‍ അതു സ്വീകരിച്ചില്ല. ഒടുവില്‍ മാണി മാത്രം പുറത്തായി.
മാണി കൈക്കൂലിക്കാരനാണ്, ബജറ്റ് കച്ചവടക്കാരനാണ് എന്നൊക്കെ അച്ചുതാനന്ദനും കാനം രാജേന്ദ്രനും ഉഴവൂര്‍ വിജയനും ആണയിട്ടുപറഞ്ഞപ്പോഴും വിജയന് വിശ്വസിച്ചില്ല. മാണിയുടെ രാജി ആവശ്യപ്പെട്ട് ഇടതുമുന്നണി ബന്ദോ ഹര്‍ത്താലോ നടത്തിയില്ല. ഡി.വൈ.എഫ്.ഐ. പന്തം കൊളുത്തി പ്രകടനം പോലും സംഘടിപ്പിച്ചില്ല. അച്ചുതാനന്ദന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ വിജയന് അതുവേണ്ടെന്ന് പറഞ്ഞു.
ബാര്‍ കോഴ വിഷയം കത്തിനില്‍ക്കുമ്പോഴും പാലാ സീറ്റ് സി.പി.എം.ഏറ്റെടുത്തില്ല. ഉള്ളതില്‍ ഏറ്റവും ദുര്‍ബലനായ സ്ഥാനാര്‍ഥിയെത്തന്നെ കണ്ടുപിടിച്ചു മാണിക്കെതിരെ മത്സരിപ്പിക്കുകയും ചെയ്തു. മാണി കള്ളനാണെന്നു പുരപ്പുറത്തുകയറി വിളിച്ചു പറഞ്ഞ പി.സി.ജോര്‍ജ്ജിന് പിണറായി സീറ്റു നിഷേധിക്കുകയും ചെയ്തു.
ബാര്‍ കോഴ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് വി.എസ്.കൊടുത്ത ഹര്‍ജിയെ പുതിയ സര്‍ക്കാരും എതിര്‍ത്തു. കാരണം മാണിസാര്‍ പരിശുദ്ധനാണ്. മാര്‍പാപ്പയുടെ അടുത്ത വരവിനു വിശുദ്ധനായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നയാളാണ്.
ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കെതിരെ തെളിവില്ല, ബാര്‍കോഴ കേസില്‍ കുഞ്ഞുമാണിക്കെതിരെയും തെളിവില്ല. ഇനി കുഞ്ഞൂഞ്ഞിനെതിരെയും ബാബുവിനെതിരെയും തെളിവുണ്ടാവില്ല. അഥവാ തെളിവുണ്ടായാലും പേടിക്കാനില്ല. എം.കെ.ദാമോദരന്റെ വക്കീലാപ്പീസ് എറണാകുളം ചിറ്റൂര്‍ റോഡില്‍ കസബ പോലീസ് സ്റ്റേഷന്റെ തൊട്ടടുത്തുണ്ട്.
ഭരണത്തുടര്‍ച്ചയുണ്ടാകും എന്നു ഉമ്മന്‍ ചാണ്ടി ഉറപ്പിച്ചുപറഞ്ഞപ്പോള്‍ നമ്മളാരും ഇത്രയ്ക്കു കരുതിയില്ല.
[fb_pe url=”https://www.facebook.com/AdvocateAJayashankar/?fref=ts” bottom=”30″]
Discussion about this post