മുംബൈ: ബാങ്കുകളെ വെട്ടിച്ച് നാടുവിട്ട മദ്യവ്യവസായി വിജയ് മല്യക്കെതിരെ മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നല്കിയ പരാതിയിലാണ് അന്ധേരിയിലെ മെട്രോപൊളീറ്റന്‍ കോടതി മല്യക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പൂട്ടിപ്പോയ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിലെ ചെക്ക് ബൗണ്‍സുമായി ബന്ധപ്പെട്ടാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കോടതിയെ സമീപിച്ചത്.
മുംബൈ കോടതി നേരത്തെ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യക്കെതിരെയുള്ള കുരുക്കുകള്‍ കൂടുതല്‍ മുറുകുകയാണ്. എന്നാല്‍ രാജ്യത്തെ നിയമ വ്യവസ്ഥയേയും സര്‍ക്കാരിനേയും ചോദ്യം ചെയ്ത് നാട് വിട്ട് ലണ്ടനില്‍ സുഖ ജീവിതം നയിക്കുകയാണ് കിംഗ്ഫിഷര്‍ മുതലാളി.
ഇന്ന് വിജയ് മല്യയോട് കോടതിക്ക് മുന്നില്‍ ഹാജരാകാന്‍ മേയ് 7ന് മജിസ്ട്രേറ്റ് എഎ ലൗല്ക്കര് ഉത്തരവിട്ടിരുന്നു. എന്നാല്‍ മല്യ കോടതിയില്‍ ഹാജരാകാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 100 കോടിയുടെ കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ചെക്ക് മടങ്ങിയതോടെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പരാതി നല്‍കിയത്.
9000 കോടി രൂപ കിംഗ്ഫിഷറിന് വേണ്ടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാങ്കുകളെ വെട്ടിച്ചാണ് മാര്‍ച്ച് മൂന്നിന് മല്യ നാട് വിട്ടത്.
Discussion about this post