ഡല്‍ഹി: ലോക സ്കൂള്‍ കായികമേളയില്‍ പങ്കെടുക്കാനായി തുര്‍ക്കിയില്‍ പോയ ഇന്ത്യന്‍സംഘത്തിലെ 44പേര് മടങ്ങിയെത്തി. 13 മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 44 അംഗങ്ങളുടെ ആദ്യ സംഘമാണ് തിരിച്ചെത്തിയത്. 148 വിദ്യാര്‍ഥികളും 38 ഉദ്യോഗസ്ഥരുമടക്കം 186പേരാണ് ഇന്ത്യയില്‍ നിന്നും തുര്‍ക്കിയിലേക്ക് പോയിരുന്നത്.
സൈന്യത്തിന്റെ അട്ടിമറി ശ്രമവും തുടര്‍ന്നുണ്ടായ ജനകീയ പ്രതിരോധങ്ങളാലും തുര്‍ക്കി സംഘര്ഷഭരിതമായപ്പോള് കായികമേളയില്‍ പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ സംഘത്തിന്റെ കാര്യത്തിലും ആശങ്കകളായിരുന്നു. എന്നാല്‍ അധ്യാപകരും വിദ്യാര്‍ഥികളും അടക്കമുളള സംഘം സുരക്ഷിതരാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പട്ടാളത്തിന്റെ അട്ടിമറി ശ്രമത്തെ തുടര്‍ന്ന് തുര്‍ക്കിയില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുത്തപ്പോള്‍ നഗരത്തില്‍ നിന്നകലെ ട്രാബ്സണില്‍ കായികമേള നടക്കുകയായിരുന്നു. ഇവിടെ പറയത്തക്ക സംഘര്‍ഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. എങ്കിലും കായികമേള അവസാനിക്കുന്ന ദിവസംവരെ താമസസ്ഥലവും സ്റ്റേഡിയവും വിട്ട് പുറത്തെങ്ങും പോകരുതെന്ന് ഇന്ത്യന്‍ സംഘത്തിന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു.
Discussion about this post