തിരുവനന്തപുരം: ദുരൂഹ സാഹചര്യത്തില്‍ 21 മലയാളികള്‍ സംസ്ഥാനത്തു നിന്ന് അപ്രത്യക്ഷരായതിന് പിന്നില്‍ ഐസിസ് ബന്ധം സ്ഥിരീകരിക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടി.
കാണാതായവരില്‍ തൃക്കരിപ്പൂരിലെയും കോഴിക്കോട് മൂഴിക്കലിലെയും പീസ് ഫൗണ്ടേഷന്‍ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്നവര്‍ ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ് എന്നിവ അന്വേഷണസംഘം പിടിച്ചെടുത്ത് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയച്ചു. കാണാതായവര്‍ അയയ്ക്കുന്ന സന്ദേശങ്ങളില്‍ തങ്ങള്‍ എവിടെയാണുള്ളതെന്ന് മറച്ചു വയ്ക്കുന്ന സാഹചര്യത്തിലാണ് വിദേശബന്ധം കണ്ടെത്താന്‍ കമ്പ്യൂട്ടറുകളുടെ ശാസ്ത്രീയ പരിശോധന പൊലീസ് നടത്തുന്നത്. കാണാതായവരില്‍ 11പേര്‍ക്ക് ഐസിസുമായി ബന്ധമുണ്ടെന്ന് പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും റിക്രൂട്ട്‌മെന്റിനു പിന്നിലെ വിദേശബന്ധവും പ്രേരണയും സ്ഥിരീകരിച്ചാല്‍ ഇവര്‍ക്കെതിരെ ഭീകരവിരുദ്ധ നിയമത്തിലെ (യു.എ.പി.എ) വകുപ്പുകള്‍ ചുമത്തും.
കാണാതായവരില്‍ ആറ് പേരെങ്കിലും പീസ് സ്‌കൂളുകളിലെ ജീവനക്കാരോ അദ്ധ്യാപകരോ ആയിരുന്നു. യുവാക്കളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്തതായി പൊലീസ് സംശയിക്കുന്ന അബ്ദുള്‍ റാഷിദ് അബ്ദുള്ള പീസ് ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഫൗണ്ടേഷന്റെ സ്‌കൂളുകളുടെ ചുമതലയുള്ള പര്‍ച്ചേസ് മാനേജരായിരുന്നു. എന്‍ജിനിയറിംഗിലും മനഃശാസ്ത്രത്തിലും ബിരുദധാരിയായ റാഷിദ് ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളില്‍ നിന്ന് വിദേശബന്ധത്തിന്റെ തെളിവുകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളുടെ ഭാര്യ ആയിഷ കോഴിക്കോട്ടെ സ്‌കൂളുകളുടെ ചുമതലക്കാരിയായിരുന്നു. പടന്നയിലെ ഡോ. ഇജാസിന്റെ സഹോദരനും എന്‍ജിനിയറിംഗ് ബിരുദധാരിയുമായ ഷിഹാസും പീസ് സ്‌കൂളില്‍ സുപ്രധാന പദവിയിലുണ്ടായിരുന്നു. പാലക്കാട് സ്വദേശി യഹിയയുടെ ഭാര്യ എറണാകുളം തമ്മനം സ്വദേശി മെറിനും (മറിയം) പീസ് സ്‌കൂളില്‍ പഠിപ്പിച്ചിട്ടുണ്ട്. എറണാകുളത്തെ ഫൗണ്ടേഷന്റെ സ്‌കൂളുകളുടെ ചുമതല യഹിയയും വഹിച്ചിട്ടുണ്ട്. ഗള്‍ഫിലെ ജോലിയുപേക്ഷിച്ചെത്തിയ എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദും (26) സ്‌കൂളുമായും ഫൗണ്ടേഷനുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു.
അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെയും ഷിയാസിന്റെയും കമ്പ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പുമാണ് ഫോറന്‍സിക് ലാബിലേക്കയച്ചത്. കാസര്‍കോട് മുതല്‍ കൊല്ലം വരെ പീസ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് 12 സ്‌കൂളുകളുണ്ട്. ലക്ഷദ്വീപിലും സൗദി അറേബ്യയിലും ജിദ്ദയിലും സ്‌കൂളുകളുണ്ട്. അന്യസംസ്ഥാനക്കാരായ നിരവധിപേര്‍ അദ്ധ്യാപകരായും ജീവനക്കാരായും ഈ സ്‌കൂളുകളിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
Discussion about this post