ഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാര്‍ക്കു നേരെ പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചത് പരിശോധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ ജനങ്ങളോട് സഹതാപമുണ്ടെന്നും എന്നാല്‍ തീവ്രവാദികള്‍ക്കു നേരെ ബലപ്രയോഗം നടത്തുക തന്നെ ചെയ്യും. കൊല്ലപ്പെട്ട ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി പാക്കിസ്ഥാന്‍ പിന്തുണയുള്ള ഭീകരവാദിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകായിരുന്നു അദ്ദേഹം.
ആവശ്യമെങ്കില്‍ ജലപീരങ്കിയും പെല്ലറ്റ് ഷെല്ലുകളും ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചതിലൂടെ എത്രപേര്‍ക്ക് പരിക്കേറ്റെന്നുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. മാരകായുധങ്ങള്‍ ഉപയോഗിക്കരുതെന്നും പ്രതിഷേധക്കാര്‍ക്കുനേരെ സേനയെ ഉപയോഗിക്കുന്നതില്‍ പരമാവധി സംയമനം പാലിക്കണമെന്നും കശ്മീര്‍ മുഖ്യമന്ത്രിയോടും സൈനിക മേധാവികളോടും ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുമായി ചര്‍ച്ച നടത്തുന്നകാര്യം മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 39 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്.
Discussion about this post