ഡല്‍ഹി: വിവാദ ഇസ്ലാമിക മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന് എതിരെ യുഎപിഎ നിയമപ്രകാരം കേസ് എടുക്കുന്നതിനെ കുറിച്ച് നിയമ മന്ത്രാലയത്തിന്റെ അഭിപ്രായം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തേടി. സാക്കിറിന്റെ പ്രസംഗങ്ങള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും, തീവ്രവാദത്തെ ന്യായീകരിക്കുന്നതുമാണെന്ന് നിയമ മന്ത്രാലയത്തിന് നല്‍കിയ കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ധാക്ക ഭീകരാക്രമണത്തില്‍ പങ്കെടുത്ത രണ്ടു തീവ്രവാദികള്‍ക്ക് സാക്കിറിന്റെ പ്രസംഗങ്ങള്‍ പ്രചോദനമായെന്നാണ് ആരോപണം. ഇതിനു പുറമെ കേരളത്തില്‍ നിന്ന് ഐഎസിലേക്കു ചേരാന്‍ പോയെന്ന് സംശയിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുന്ന എബിന്‍ ജേക്കബിനെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം നടത്തിയത് സാകിര്‍ നായിക്കിന്റെ സംഘടനയാണെന്ന് എബിന്റെ സഹോദരന്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ താന്‍ തീവ്രവാദ പ്രവര്‍ത്തങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സാക്കിര്‍ നായിക് വ്യക്തമാക്കിയിരുന്നു. സൗദി അറേബിയയില്‍ നിന്ന് സ്‌കൈപ്പിലൂടെ മാധ്യമങ്ങളുമായി സംവദിക്കവെയാണ് സാകിര്‍ നായിക് ആരോപണങ്ങളോടുള്ള പ്രതികരണമറിയിച്ചത്. ബംഗ്ലാദേശിലെ ഭീകര ആക്രമണത്തില്‍ പങ്കെടുത്തവരും ആയി തനിക്ക് യാതോരു തരത്തിലുളള ബന്ധവും ഇല്ല. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനാണ് തനിക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നതെന്നും സാക്കിര്‍ നായിക് പറഞ്ഞു. ചാവേര്‍ ആക്രമണങ്ങള്‍ ഇസ്ലാമിന് വിരുദ്ധം ആണെന്നും സാക്കിര്‍ നായിക് ചൂണ്ടിക്കാട്ടി. എന്നാല്‍ യുദ്ധമുറ എന്ന നിലയില്‍ ചാവേര്‍ അക്രമങ്ങളെ ചില മുസ്‌ലിം പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സാക്കിര്‍ നായിക് പറഞ്ഞു. നിലവില്‍ സൗദി അറേബ്യയിലാണ് സാകിര്‍ നായിക്.
Discussion about this post