ഡല്‍ഹി: ജെ.എന്‍.യു ക്യാമ്പസിലെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അടുത്ത സെമസ്റ്ററിലേക്കുള്ള രജിസ്‌ട്രേഷന്‍ സര്‍വകലാശാല ഭരണസമിതി തടഞ്ഞു. 21 പേരുള്ള പട്ടികയില്‍ രാജദ്യോഹ കുറ്റം ചുമത്തി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരും ഉള്‍പ്പെടും.
സര്‍ക്കുലറില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ തടസപ്പെടുത്തിയതായി ജെ.എന്‍.യു രജിസ്റ്റാര്‍ പ്രമോദ് കുമാര്‍ എടുത്തു പറയുന്നുണ്ട്.
ഇത്തരമൊരു നടപടിയെ കുറിച്ച് സര്‍വകലാശാല ഇതുവരെ ഒരു സൂചനയും നല്‍കിയിരുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഈ നടപടി കോടതി നിര്‍ദേശം ലംഘിച്ചുള്ളതാണെന്നും രജിസ്‌ട്രേഷന്‍ വിലക്കിയ വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഞങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിനെതിരെ സര്‍വകലാശാലയെ തടഞ്ഞ ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണിത്.’ പട്ടികയില്‍ ഉള്‍പ്പെട്ട അഷുതോഷ് പറഞ്ഞു. സര്‍വകലാശാല ചുമത്തിയ പിഴ അടയ്ക്കാത്തതിനാലാണ് ഇവരുടെ രജിസ്‌ട്രേഷന്‍ തടസപ്പെടുത്തിയതെന്നാണ് പറയുന്നത്. അതേസമയം ഇതേ പട്ടികയില്‍ ഉള്‍പ്പെടുന്ന എ.ബി.വി .പി പ്രവര്‍ത്തകനായ സൗരഭ് ശര്‍മ്മ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ആരോപിക്കുന്നു.
ഉമര്‍, അനിര്‍ബന്‍, മുജീബ് എന്നിവരെ സര്‍വകലാശാലയില്‍ നിന്നും ഏപ്രിലില്‍ സസ്‌പെന്റ് ചെയ്തിരുന്നു.. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയായ അഫ്‌സല്‍ ഗുരുവിന്റെ ചരമദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത് വലിയ വിവാദമായിരുന്നു.
Discussion about this post