കൊച്ചി: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഗണ്മാനായ സലീം രാജിനെ ഒഴിവാക്കി. സലീം രാജിനെ ഒഴിവാക്കിയാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍, നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയാ ബീവി എന്നിവരാണ് പ്രതികള്‍. സലീംരാജിന്റെ ഭാര്യയേയും കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
അന്വേഷണ സമയത്ത് സലീംരാജ് ഉള്‍പ്പെടെ 29 പേരായിരുന്നു കേസിലെ പ്രതികള്‍. തിരുവനന്തപുരം നഗരത്തില്‍ കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പരുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമിച്ചു എന്നതാണ് കടകംപള്ളി കേസ്. തണ്ടപ്പേര് രജിസ്റ്റിലെ 10156 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പരില്‍ പുതിയ തണ്ടപ്പേര് സൃഷ്ടിക്കുകയായിരുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്കി പോക്കുവരവ് നടത്തിയതായും കണ്ടെത്തി. വ്യാജരേഖ ചമച്ചെന്നും ഒരേ വസ്തുവിന് ഇരട്ടപ്പട്ടയം നല്‍കിയെന്നും റവന്യൂ ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയെങ്കിലും സര്‍ക്കാര്‍ നടപടിയെടുത്തില്ല.
പതിനാല് കോടിയുടെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയതെന്ന് അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സലീംരാജ് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇവര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
Discussion about this post