പാരിസ്: വടക്കന്‍ ഫ്രാന്‍സിലെ ഒരു ദേവാലയത്തില്‍ അതിക്രമിച്ചു കയറി നിരവധിപ്പേരെ ബന്ദികളാക്കിയ രണ്ട് അക്രമികളെ സുരക്ഷ സേന വധിച്ചു. ഏറ്റുമുട്ടലിനിടെ പുരോഹിതന്‍ കൊല്ലപ്പെട്ടു. എന്നാല്‍ ദേവാലയത്തിലെ പുരോഹിതനെ അക്രമികള്‍ കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വടക്കന്‍ ഫ്രാന്‍സിലെ റൗനിലെ ഒരു പള്ളിയില്‍ കഠാരയുമായി എത്തിയ രണ്ടുപേരാണ് നിരവധി പേരെ ബന്ദികളാക്കിയത്. പുരോഹിതന്‍, രണ്ട് കന്യാസ്ത്രീകള്‍, ദേവാലയത്തില്‍ എത്തിയവര്‍ തുടങ്ങിയവരായിരുന്നു കുടുങ്ങിയത്. അതേസമയം, ആക്രമണത്തിനു പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.
കഴിഞ്ഞ ദിവസം മെഡിറ്ററേനിയന്‍ തീരനഗരമായ നീസിലുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കം മാറും മുന്‍പാണ് ഫ്രാന്‍സില്‍ വീണ്ടും പുതിയ സംഭവം. ബാസ്റ്റില്‍ ദേശീയ ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ 84 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദേശീയ ദിനാഘോഷത്തില്‍ പങ്കെടുക്കുകയായിരുന്ന ജനങ്ങള്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post