കൊച്ചി: മലയാളികളടക്കം 700ഓളം ആളുകളെ മതം മാറ്റിയിട്ടുണ്ടെന്ന് ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ അറസ്റ്റിലായ മതഅധ്യാപകന്‍ ആര്‍ഷി ഖുറേഷിയുടെ മൊഴി. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് ആളുകളെ മതം മാറ്റിയതെന്നും ഖുറേഷി പോലീസിനോട് വെളിപ്പെടുത്തി.
ആളുകളെ മതം മാറ്റിയതിന്റെ രേഖകള്‍ തയ്യാറാക്കിയതും പലരുടേയും രക്ഷകര്‍ത്താവായി രേഖകളില്‍ ഒപ്പു വച്ചിരിക്കുന്നതും ഖുറേഷിയുടെ സഹായിയായ റിസ്വാനാണ്. ഇയാള്‍ നിരവധി തവണ കേരളത്തില്‍ വന്നു പോയിട്ടുണ്ടെന്നും ചോദ്യംചെയ്യലില്‍ വ്യക്തമായി.
അതേസമയം പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്ന് കാണാതായ അഷ്ഫാഖ് അടക്കം മൂന്ന് പേരെ കൂടി കേസില്‍ പ്രതിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. ഖുറേഷിയുമായി ഇയാള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയതിന്റെ തെളിവുകള്‍ നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.
നേരത്തെ ഖുറേഷി ഇടപെട്ട് മതം മാറ്റിയവരടക്കം 21 പേരെയാണ് കേരളത്തില്‍ നിന്നും കാണാതായത്. 700ഓളം പേരെ മതം മാറ്റി എന്ന് ഖുറേഷി വെളിപ്പെടുത്തിയതോടെ വരുംദിവസങ്ങളില്‍ ഇവരെ കണ്ടുപിടിക്കാനായിരിക്കും പോലീസിന്റെ ശ്രമം. മലയാളികളടക്കം ഖുറേഷി മതം മാറ്റിയവരില്‍ ആര്‍ക്കെങ്കിലും ഐഎസ് ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ച് വരുകയാണ്. ഖുറേഷിയുടെ അറസ്റ്റിനോടനുബന്ധിച്ച് മുംബൈയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മതംമാറ്റവുമായി ബന്ധപ്പെട്ട നിരവധി രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയെല്ലാം ഉറുദു ഭാഷയില്‍ ഉള്ളതാണ്. ഈ രേഖകള്‍ തര്‍ജ്ജമ ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
മതം മാറുന്നത് കുറ്റകരമല്ലെങ്കിലും നിര്‍ബന്ധിത മതപരിവര്‍ത്തം കുറ്റകരമാണ് എന്നതിനാല്‍ ഏതു മാര്‍ഗ്ഗത്തിലൂടെയാണ് ഇത്രയേറെ പേര ഖുറേഷി മതം മാറ്റിയതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പണം കൊടുത്ത് സ്വാധീനിച്ചാണോ അതോ മറ്റെന്തെങ്കിലും തന്ത്രം പ്രയോഗിച്ചാണോ മതം മാറ്റങ്ങള്‍ നടന്നത് എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. റെയ്ഡില്‍ കണ്ടെത്തിയ ഡിജിറ്റല്‍ തെളിവുകള്‍ ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് പോലീസ് അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതോടെ കേസ് അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
Discussion about this post