അഹമദാബാദ്: ഗോവധമാരോപിച്ച് ദളിത് യുവാക്കളെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചയ്ക്കാനിടയായ സംഭവത്തിലെ പശുവിനെ കൊന്നത് സിംഹമാണെന്ന് ഗുജറാത്ത് സിഐഡി റിപ്പോര്‍ട്ട്. പശുവിനെ കൊന്നത് അക്രമത്തിനിരയായ ദളിതരല്ല, സിംഹമാണെന്നും ഗോരക്ഷക് പ്രവര്‍ത്തകര്‍ പറയുന്നത് പോലെ പശുവിനെ കശാപു ചെയ്തതല്ലെന്നും ദൃക്‌സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ സിഐഡി റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, പശുവിന്റെ തുകലെടുത്തവരെ കുറിച്ച് ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ഗുജറാത്തിലെ ഉനയില്‍ പശുത്തുകല്‍ ശേഖരിച്ച നാല് ദളിത് യുവാക്കളെ ഗോവധമാരോപിച്ച് ഗോരക്ഷക് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് പുതിയ റിപ്പോര്‍ട്ട്. ഈ മാസം 11 നാണ് ഗോവധം ആരോപിച്ച് ഗുജറാത്തില്‍ തുകല്‍ തൊഴിലാളികളായ നാല്‍ ദളിത് യുവാക്കളെ ഗോരക്ഷക് പ്രവര്‍ത്തകര്‍ അര്‍ധനഗ്‌നരാക്കി കാറില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഹമദാബാദില്‍ നിന്നും 360കിലോമീറ്റര്‍ അകലെ ഉനയിലായിരുന്നു സംഭവം.
സംഭവത്തില്‍ ഉന പൊലീസ് സ്റ്റേഷനിലെ രേഖകള്‍ പ്രകാരം ഉച്ചയ്ക്ക് 1.30 നാണ് നരന്‍ഭായ് എന്നയാള്‍ ഗോവധം നടന്നതായി പൊലീസില്‍ പരാതി റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ എഫ്‌ഐആറില്‍ രാവിലെ 10 മണിക്കാണ് ദളിത് യുവാക്കള്‍ക്ക് ഗോരക്ഷ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതെന്നും പറയുന്നു. ഉനയിലെ മോട്ട സമാധിയാല ഗ്രാമത്തിന് പുറത്തു നിന്നുള്ള വാസാറാം ഭായ് സര്‍വയ്യയാണ് പശുത്തുകല്‍ ശേഖരിച്ചത്. തന്റെ പശുവിനെ സിംഹം കൊന്നുവെന്നും ഇതിന്റെ തുകല്‍ ശേഖരിക്കാന്‍ പറ്റുമോ ന്നെും ആരാഞ്ഞ് ബേഡിയയിലെ നജാഭായ് അഹിര്‍ എന്നയാളാണ് അന്ന് രാവിലെ എട്ട് മണിക്ക് തന്റെ മകനെ വിളിച്ചതെന്ന് വാസാറാമിന്റെ അച്ഛന്‍ ബാലു സര്‍വയ്യ പറയുന്നു.
തുടര്‍ന്ന് തുകലെടുക്കാന്‍ ബാലു തന്റെ മക്കളായ വാസാറാമിനെയും രമേശിനെയും ഇവരുടെ മച്ചുനന്‍ അശോകിനെയും ബന്ധു ബേചര്‍ഭായിയേയും അയച്ചു. പശുവിന്റെ മൃതശരീരം ശേഖരിച്ച ശേഷം തങ്ങളുടെ ഗ്രാമത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ വെച്ച് നാലു പേരും അതിന്‍രെ തുകലെടുക്കവെ വെള്ളനിറത്തിലുള്ള കാര്‍ തങ്ങളുടെ സമീപത്തുകൂടി കടന്നുപോയി. ശേഷം ഇതേ കാര്‍ മറ്റു വാഹനങ്ങളില്‍ 35ഓളം ആളുകളുമായി തിരിച്ചെത്തി.
എന്തിനാണ് പശുവിനെ കൊന്നതെന്ന് ചോദിച്ച് ഇവര്‍ വാസാറാമിനെയും ഒപ്പമുള്ളവരെയും വടികളും പട്ടികയും ഉപയോഗിച്ച് മര്‍ദ്ദിക്കാന്‍ തുടങ്ങി. മക്കളെ ജനക്കൂട്ടം തല്ലിച്ചതയ്ക്കുന്ന വിവരം തന്നെ ആരോ വിളിച്ചറിയിച്ചെന്നും സംഭവമറിഞ്ഞ് ഓടിയെത്തിയ തന്നെയും ഭാര്യ കുന്‍വറിനെയും അക്രമികള്‍ മര്‍ദ്ദിച്ചെന്നും ബാലു പറയുന്നു. തങ്ങളുടെ വാദം കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ല. അക്രമികള്‍ ഇരകളുടെ കൈവശമുണ്ടായിരുന്ന ഫോണുകള്‍ തട്ടിപ്പറിക്കുകയും ചെയ്തുവെന്നും ബാലു പറയുന്നതായി ദേശീയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മാസം 20ന് കേസിലെ ആദ്യ അഞ്ച് പ്രതികളെ ഗുജറാത്ത് സിഐഡി കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ദളിത് യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോ പകര്‍ത്തിയവരെയും സോഷ്യല്‍ മീഡിയയില്‍ അവ പ്രചരിപ്പിച്ചവരെയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്താനുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും അക്രമികളെ വിളിച്ചുകൂട്ടിയവരെ കണ്ടെത്തേണ്ടതുണ്ടെന്നും കേസ് അന്വേഷിക്കുന്ന ഗിര്‍ സോമനാഥ് ഡിവൈഎസ്പി കേശവ്ജി സരദവ പറഞ്ഞു. അഹിറിന്റെ പശുവിനെ സിംഹം കൊന്നതാണെന്നതിന് ദൃക്‌സാക്ഷി മൊഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചിട്ടുണ്ടെന്നും ദളിതര്‍ക്കെതിരായ കേസ് കൈകാര്യം ചെയ്യുന്നതില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്നും വകുപ്പുതല അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് നാല് പൊലീസുകാരെ അന്വേഷണ വിധേയമായി ഗുജറാത്ത് സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
Discussion about this post