കൊച്ചി: വിദഗ്ധപരിശീലനം ലഭിച്ച കൊടുംഭീകരുടേതിന് സമാനമായ പരിശീലനം നേടിയിട്ടുള്ള ആളാണ് മുംബൈയില്‍നിന്നും അറസ്റ്റിലായ ആര്‍ഷി ഖുറേഷിയെന്ന് അന്വേഷണസംഘം. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് കേന്ദ്ര ഏജന്‍സികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതായിട്ടാണ് സൂചന. പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുന്ന ശൈലിയാണ് ഖുറേഷിയുടേത്. അതിര്‍ത്തികളില്‍ നിന്നും സേന പിടികൂടുന്ന കൊടുംഭീകരരുടേതിന് സമാനമായ രീതിയാണ് ഇത്.
അതുകൊണ്ടുതന്നെ ഇയാള്‍ക്ക് വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎയുടെയും റോയുടെയും ഉദ്യോഗസ്ഥര്‍ വരുംദിവസങ്ങളില്‍ ഇയാളെ ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്. വേണ്ടിവന്നാല്‍ കോടതിയുടെ അനുമതിയോടെ ചോദ്യംചെയ്യലിനായി ഇയാളെ ഡല്‍ഹിക്ക് കൊണ്ടുപോകുന്നതിനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
വിവിധ ജില്ലകളില്‍ ഖുറേഷിയും സഹായി റിസ്വാന്‍ഖാനും പലപ്രാവശ്യം സന്ദര്‍ശിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ അന്വേഷണസംഘം നടത്തുന്നത്. രാജ്യാന്തര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്ന ഇയാള്‍ മറ്റ് പല കാര്യങ്ങളും പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
ഹിന്ദു, ക്രിസ്ത്യന്‍ യുവതീയുവാക്കളെ മതംമാറ്റിയ കാര്യവും ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇയാള്‍ അന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധിച്ച് മതംമാറ്റുന്നതിന് വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും വന്‍തുക കൈപ്പറ്റിയെന്ന ഖുറേഷിയുടെ വെളിപ്പെടുത്തല്‍ സക്കിര്‍ നായിക്കിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
മലയാളികളടക്കം 800 പേരെ മതംമാറ്റിയെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ അഞ്ചുവര്‍ഷമായി ഇവരുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പേരെ മതംമാറ്റിയിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. മുംബൈയിലെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ വച്ചാണ് കേരളത്തില്‍ നിന്നുള്ള യുവതീയുവാക്കളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി രാജ്യാന്തര മുസ്ലിം ഭീകരസംഘടനയായ ഐഎസിലേക്ക് ഇയാള്‍ എത്തിച്ചത്.
മതംമാറ്റിയതിന് രേഖകള്‍ തയ്യാറാക്കിയത് ഖുറേഷിക്കൊപ്പം പിടിയിലായ റിസ്വാന്‍ഖാനാണ്. ഇയാള്‍ നിരവധിതവണ കേരളത്തില്‍ വന്നുപോയിട്ടുണ്ട്. കേരളത്തില്‍ ഇവര്‍ക്ക് സഹായം ചെയ്തുകൊടുത്ത അഷ്ഫാഖ് ഉള്‍പ്പെടെ മൂന്നുപേരെ കൂടി കേസില്‍ പ്രതിചേര്‍ക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. സക്കീര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ പിആര്‍ഒയായ ഖുറേഷിയുടെ വെളിപ്പെടുത്തലുകള്‍ സക്കീര്‍ നായിക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
Discussion about this post