ഛണ്ഡിഗഡ്: ട്വിറ്ററിലൂടെ പ്രശ്‌നപരിഹാരത്തിന് ഇടപെട്ട് ജനങ്ങളുടെ ഇഷ്ടരാഷ്ട്രീയ നേതാവാകുകയാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെ പ്രശ്‌നപരിഹാരത്തിനായി സുഷമാസ്വരാജ് ഇടപെടുന്നത് ഇതാദ്യമായിട്ടല്ല. നിരവധി തവണ പലര്‍ക്ക് പല പ്രശ്‌നങ്ങള്‍ ട്വിറ്ററിലൂടെ പരിഹരിക്കുന്നതിന് സുഷമ സഹായിച്ചിട്ടുണ്ട്.
ഇത്തവണ വിസ പ്രശ്‌നങ്ങളുമായി കഷ്ടപ്പെടുന്ന ഹരിയാനയില്‍ നിന്നുള്ള ദമ്പതികള്‍ക്കാണ് സുഷമ സ്വരാജ് സഹായഹസ്തം നീട്ടിയിരിക്കുന്നത്. സുഷമ സ്വരാജിന്റെ ഹരിയാനിയന്‍ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. പരാതിക്കാരാരും വിദേശകാര്യ മന്ത്രിയെ തേടിയെത്തുകയോ ട്വീറ്റ് ചെയ്ത് പരാതി അറിയിക്കുകയോ ചെയ്തതല്ല. ഹിന്ദി പത്രമായ ദൈനിക് ഭാസ്‌കറിലെ വാര്‍ത്ത കണ്ട് സുഷമ സ്വരാജ് സഹായഹസ്തം നീട്ടുകയായിരുന്നു.
ഹരിയാനയിലെ ഫത്തേഹാബാദ് ജില്ലയിലുള്ള സമൈന്‍ ഗ്രാമത്തിലെ അടുത്തിടെ വിവാഹിതരായ ദമ്പതികളുടെ കഷ്ടപ്പാടാണ് ദൈനിക് ഭാസ്‌കര്‍ വാര്‍ത്തയാക്കിയത്. ഹരിയാനക്കാരന്‍ ടിനു കസാക്കിസ്ഥാനില്‍ നിന്നുള്ള വിദേശ വനിതയായ ജഹ്നയെയാണ് വിവാഹം കഴിച്ചത്. ഫെയ്‌സ്ബുക്കിലൂടെ ഉടലെടുത്ത പ്രണയസാഫല്യത്തിനായി ടൂറിസ്റ്റ് വിസയില്‍ ജഹ്ന ഇന്ത്യയിലെത്തി. കഴിഞ്ഞ വര്‍ഷം ജൂണില്‍ വിവാഹിതരുമായി. എന്നാല്‍ ഈ ജൂലൈയില്‍ ജഹ്നയുടെ വിസ കാലാവധി അവസാനിരിക്കെ വിസ നീട്ടാനായി ഇരുവരും അധികൃതര്‍ക്ക് മുന്നില്‍ അലഞ്ഞിട്ടും ഫലമുണ്ടായില്ല.
വിദേശി മരുമകളുടെ സ്‌നേഹത്തിന് മുന്നില്‍ തടസവുമായി വിസ എന്ന ദൈനിക് ഭാസ്‌കറുടെ വാര്‍ത്ത സുഷമ സ്വരാജിന്റെ കണ്ണില്‍പെട്ടു. ഉടന്‍ വന്നൂ മന്ത്രിയുടെ ട്വീറ്റ് ശുദ്ധ ഹരിയാന ഭാഷയില്‍. ജഹ്നയെ മരുമകള്‍ എന്നാണ് സുഷമ സ്വരാജ് അഭിസംബോധന ചെയ്തത്.
ടിനുവും ജഹ്നയും മന്ത്രിയുടെ വാക്കുകള്‍ കേട്ടതോടെ പ്രശ്‌നപരിഹാരം ദൂരയല്ലെന്ന തിരിച്ചറിവിലാണ്. മറ്റ് രാഷ്ട്രീയക്കാര്‍ പരസ്പരം ചെളിവാരിയെറിയാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കുമ്പോള്‍ ആളുകളുമായി സംവദിക്കാനും പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗമായും സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കുകയാണ് വിദേശകാര്യ മന്ത്രി. ഈ അടിയന്തര ഇടപെടലുകളും കൃത്യമായുള്ള ആശ്വാസ വാക്കുകളും തന്നെയാണ് രാഷ്ട്രീയഭേദമന്യെ സുഷമ സ്വരാജിനെ ആളുകള്‍ ഇഷ്ടപ്പെടാനുള്ള കാരണം.
Discussion about this post