തൃശൂര്‍: പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ മന്ത്രി എ.പി.അനില്‍ കുമാറിനുമെതിരെ ത്വരിത അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്, ഇരുവര്‍ക്കും എതിരെ അന്വേഷണം നടത്തി സെപ്തംബര്‍ 19ന് മുന്‍പ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സിനോട് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദ്ദേശിച്ചു.
വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല.
മെഡിക്കല്‍ കോളേജില്‍ 170ഓളം പേരുടെ നിയമനങ്ങള്‍ നടത്തിയത് നിയമ വിരുദ്ധമായാണെന്ന് പരാതിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഉമ്മന്‍ചാണ്ടിയേയും അനില്‍ കുമാറിനേയും കൂടാതെ മറ്റ് അഞ്ചു പേര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
യു.ഡി.എഫ് മന്ത്രിസഭയുടെ അവസാന കാലത്താണ് മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. സര്‍ക്കാര്‍ മാനദണ്ഡത്തിന് വിരുദ്ധമായി സ്വകാര്യ കണ്‍സള്‍ട്ടന്‍സിക്ക് ഈ ഇനത്തില്‍ ഏതാണ്ട് ഒരു കോടിയോളം രൂപയാണ് അധികമായി അനുവദിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു. നോയിഡ ആസ്ഥാനമായുള്ള എച്ച്.എസ്.സി.സി ഇന്ത്യ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെയാണ് പദ്ധതി നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരുന്നത്. എന്നാല്‍ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവര്‍ക്ക് പണമനുവദിച്ചതെന്നായിരുന്നു ആക്ഷേപം.
Discussion about this post