ഡല്‍ഹി: പാക്ക് അധീനതയിലുള്ള കശ്മീരിലും ഗില്‍ജിത-്ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യകളിലും പാക് സര്‍ക്കാരിനെതിരായ ജനകീയ പ്രതിഷേധം ശക്തമായി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനും പാക് സൈന്യത്തിനുമെതിരായ പ്രതിഷേധ പരിപാടികളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പാക് അധീന കാശ്മീരില്‍ തെരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ജനങ്ങള്‍ പാക് സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയതിന് പിന്നാലെ ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലും പ്രതിഷേധമുയര്‍ന്നതോടെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായി.
ചൈനയുമായി ചേര്‍ന്ന് പാക്കിസ്ഥാന്‍ സംയുക്ത സൈനിക പെട്രോളിങ് നടത്തിയതും ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പ്രഖ്യാപനവും അടക്കം നിരവധി വിഷയങ്ങളുയര്‍ത്തിയാണ് ദിവസങ്ങളായി ജനങ്ങള്‍ തെരുവിലിറങ്ങിയത്. ചൈനയില്‍ നിന്ന് തെക്കന്‍ പാക്കിസ്ഥാനിലേക്ക് 3,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സാമ്പത്തിക ഇടനാഴിയാണ് നിര്‍മ്മിക്കുന്നത്. 40 ബില്യണ്‍ ഡോളറിന്റെ സ്വപ്‌ന പദ്ധതിയായി പാക്കിസ്ഥാന്‍ പദ്ധതിയെ വിശേഷിപ്പിക്കുമ്പോള്‍ ഇടനാഴിയുടെ ഭാഗമായ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലകളിലും പാക് അധീന കശ്മീരിലും രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനങ്ങളുടേയും എതിര്‍പ്പാണ് പാക് ഭരണകൂടം നേരിടുന്നത്.
ഇടനാഴിയുടെ ഭാഗമായി റോഡ്, റെയില്‍, പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലെയും പിഒകെയിലെയും ആയിരക്കണക്കിന് പേര്‍ക്ക് ഭൂമി നഷ്ടമാകും. പാക്കിസ്ഥാനും ചൈനയ്ക്കും പ്രയോജനമുള്ള പദ്ധതിക്കായി തങ്ങളെന്തിന് ഭൂമിയും മറ്റും വിട്ടുനല്‍കണമെന്ന വാദമുയര്‍ത്തിയാണ് ജനങ്ങളുടെ പ്രതിഷേധം. പാക് സര്‍ക്കാരിന്റെ അധീനതയിലാണെങ്കിലും ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളോട് പാക്കിസ്ഥാന്‍ പതിറ്റാണ്ടുകളായി മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. തീര്‍ത്തും അവികസിത മേഖലകളാണ് ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലും പിഒകെയിലുമുള്ളത്.
ചൈനയില്‍ നിന്നും പാക്കിസ്ഥാനിലേക്ക് ട്രക്കുകള്‍ പോകുന്നത് എണ്ണിക്കൊണ്ടിരിക്കേണ്ട അവസ്ഥ തങ്ങള്‍ക്കുണ്ടാകുമെന്നാണ് ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലെ രാഷ്ട്രീയ നേതാവായ അബ്ദുള്‍ റഹ്മാന്‍ ബുഖാരി പറഞ്ഞു. പാക്കിസ്ഥാനില്‍ വൈദ്യുത ക്ഷാമം രൂക്ഷമായതോടെ ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ മേഖലയിലേക്ക് നല്‍കിയിരുന്ന വൈദ്യുതി പൂര്‍ണ്ണമായും പിന്‍വലിച്ചിട്ടു നാളുകളായി.
ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പുറമേ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി വരുന്നത് വലിയ തോതിലുള്ള സാമ്പത്തിക അസന്തുലിതാവസ്ഥയ്ക്ക് വഴിതെളിക്കും എന്നാണ് ജനങ്ങളുടെ ഭയം. തങ്ങള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോള്‍ ചൈനീസ് തൊഴിലാളികള്‍ തങ്ങളുടെ നാട്ടിലെത്തി ജോലി ചെയ്യുമെന്നും അവര്‍ ആരോപിക്കുന്നു.
അതേസമയം സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി 60 പ്രത്യേക സാമ്പത്തിക മേഖലകളാണ് പാക്കിസ്ഥാനില്‍ ചൈന സ്ഥാപിക്കുന്നത്. എന്നാല്‍, ഇതിലൊന്നു പോലും ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലൂടെയോ പാക് അധീന കശ്മീരിലൂടെയോ പോകുന്നില്ല. ഇടനാഴിയുടെ സുരക്ഷയ്ക്കായി സൈനിക കേന്ദ്രങ്ങള്‍ മാത്രമാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്ന് പിഒകെയിലെ കശ്മീര്‍ നാഷണല്‍ പാര്‍ട്ടി നേതാവ് മുഹമ്മദ് നയീം ഖാന്‍ പറഞ്ഞു.
ചൈനയിലേക്ക് പാക്കിസ്ഥാന്‍ സൈന്യം കാരക്കോറം ദേശീയ പാത നിര്‍മ്മിച്ചപ്പോള്‍ പ്രദേശവാസികള്‍ക്ക് യാതൊരു നഷ്ടപരിഹാരവും നല്‍കിയിട്ടില്ലെന്ന് ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡയറക്ടര്‍ സെങ് എച്ച് സെറിങ് പറഞ്ഞു. ഗില്‍ജിത്ബാള്‍ട്ടിസ്ഥാന്റെ ഭരണഘടനാ പദവി ഇല്ലാതാക്കാനാണ് പാക്കിസ്ഥാന്റെ ശ്രമമെന്നും ജനങ്ങള്‍ മുഴുവന്‍ ഇതിനെതിരാണെന്നും അദ്ദേഹം പറയുന്നു.
ഗില്‍ജിത്ബാള്‍ട്ടിസ്ഥാനിലും പാക് അധീന കശ്മീരിലും ചൈനയ്ക്ക് മറ്റു താത്പര്യങ്ങളുണ്ടെന്നാണ് ആക്ഷേപം.
Discussion about this post