ഡല്‍ഹി: റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹനനിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. വിവിധകുറ്റങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും കൂടും. ലൈസന്‍സ്, രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കും. റോഡപകടങ്ങള്‍ക്കുള്ള നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കും. പുതുതായി 28 വകുപ്പുകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ആളുകളെ ഇടിച്ചിട്ട് നിര്‍ത്താതെപോവുന്ന കേസുകളില്‍ നഷ്ടപരിഹാരം 25,000 രൂപയില്‍നിന്ന് രണ്ടുലക്ഷം ആക്കും. അപകടമരണങ്ങളില്‍ 10 ലക്ഷം രൂപവരെ നഷ്ടപരിഹാരം. സ്‌റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റുകളില്‍ ഇളവുനല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം. പൊതുസ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്കും മറ്റും സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരാം.ഓരോ വര്‍ഷവും അഞ്ചുലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്. ഒന്നരലക്ഷം ആളുകള്‍ കൊല്ലപ്പെടുന്നു. അത് തടയാന്‍ കര്‍ശന വ്യവസ്ഥകളാണ് ബില്ലില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്തവര്‍ വരുത്തിവെക്കുന്ന വാഹനാപകടങ്ങള്‍ക്ക് ഇനി മുതല്‍ രക്ഷിതാവിന് ശിക്ഷ. ലഭിക്കും കുട്ടികളെ ‘ജുവനൈല്‍ ജസ്റ്റീസ് ആക്ട്’ പ്രകാരം വിചാരണ ചെയ്യാനും നിര്‍ദ്ദേശമുണ്ട്. അതിവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, ലൈസന്‍സില്ലാതെ ഓടിക്കല്‍, ഓവര്‍ ലോഡിങ് തുടങ്ങിയവയ്ക്ക് കടുത്തശിക്ഷയും പിഴയും. നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ െ്രെഡവിങ് ലൈസന്‍സ്, നാഷണല്‍ രജിസ്റ്റര്‍ ഫോര്‍ വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ എന്നിവ സ്ഥാപിക്കും. വാഹനങ്ങളുടെ പരിശോധനയും സര്‍ട്ടിഫിക്കേഷന്‍ നല്‍കലും ഫലപ്രദമായി നിയന്ത്രിക്കും.
മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപ പിഴ അടക്കണമെന്നും റോഡ് ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവിലുണ്ട് മദ്യപിച്ച് വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പിഴ തുക അഞ്ചിരട്ടിയായി വര്‍ധിപ്പിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കുന്നത് രണ്ടാം തവണയും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇരട്ടി പിഴയോടൊപ്പം ഒരു വര്‍ഷത്തെ തടവു ശിക്ഷയും അനുഭവിക്കേണ്ടിവരും. കൂടാതെ ഒരു വര്‍ഷത്തേക്ക് വാഹനം തടഞ്ഞുവെക്കുകയും ചെയ്യും.
Discussion about this post