കോട്ടയം: കേരള കോണ്‍ഗ്രസിന്റെ ഭാവി തീരുമാനിക്കുന്ന ചരല്‍ക്കുന്ന് ക്യാംപ് ഇന്ന് തുടങ്ങവെ മാണിയും കൂട്ടരും എന്‍ഡിഎയിലേക്ക് പോകുമെന്നും ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ആന്റണി രാജു. നേരത്തെ തന്നെ ഇതിനുളള ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും മാണി എന്‍ഡിഎയിലേക്ക് പോകാനുളള തീരുമാനം എടുക്കുന്നതോടെ കേരള കോണ്‍ഗ്രസ് പിളരുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ജോസ് കെ മാണിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിന്നുളള ഒരു ബിഷപ്പ് ഇടനിലക്കാരനായിട്ടാണ് ചര്‍ച്ച സംഘടിപ്പിച്ചത്. ഈ വര്‍ഷമാദ്യം നടന്ന ചര്‍ച്ചയില്‍ ജോസ് കെ മാണിയെ കേന്ദ്ര സഹമന്ത്രിയാക്കാനായിരുന്നു തീരുമാനം. കൂടാതെ ബിജെപിയോട് മൃദുസമീപനം പുലര്‍ത്തണമെന്നും കെ.എം മാണിയുടെ നിര്‍ദേശം ഉണ്ടായിരുന്നതായും ആന്റണി രാജു പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ ഗൂഢാലോചനകേന്ദ്രം രമേശ് ചെന്നിത്തലയല്ലെന്നും അതിലും വലിയൊരു നേതാവിന്റെ പേരാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. കേരള കോണ്‍ഗ്രസ് ബാര്‍കോഴ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ഒന്നിലേറെ നേതാക്കളുടെ പേരുളളതായും ആന്റണി രാജു പറഞ്ഞു.
അതേസമയം ചരല്‍ക്കുന്നില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനം ഉണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. നിലവിലുളള എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. കൂടാതെ അന്തിമ തീരുമാനം എടുക്കുന്നത് സംസ്ഥാന കമ്മിറ്റിയായിരിക്കുമെന്നും ശേഷം പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി ചേരുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.
Discussion about this post