തൃശൂര്‍: സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. അടുത്ത അധ്യയനവര്‍ഷം മുതല്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ സ്വാശ്രയ കോഴ്‌സുകള്‍ തുടങ്ങില്ല. പുതിയ സ്‌കൂളുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുന്നത് നിലവിലെ വിദ്യാലയങ്ങളെ സംബന്ധിച്ച മാപ്പിംഗ് പൂര്‍ത്തിയാക്കിയ ശേഷമാകുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസത്തെ സംരക്ഷിക്കുകയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അതിനാല്‍ ഇനി സംസ്ഥാനത്ത് പുതിയ സ്വാശ്രയ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. എയ്ഡഡ് കോളേജുകളിലെ അണ്‍എയ്ഡഡ് കോഴ്‌സുകള്‍ പൊതുവിദ്യാഭ്യാസത്തെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എയ്ഡഡ് മേഖലയില്‍ പുതിയ സ്വാശ്രയകോഴ്‌സുകള്‍ക്ക് അനുമതി നല്‍കില്ല. കഴിഞ്ഞ സര്‍ക്കാരും സിന്‍ഡിക്കേറ്റുകളും അത്തരം കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു
പൊതുവിദ്യാഭ്യാസരംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തളിപ്പറമ്പ്, കോഴിക്കോട് നോര്‍ത്ത്, പുതുക്കാട്, ആലപ്പുഴ മണ്ഡലങ്ങളിലെ പൊതു വിദ്യാലയങ്ങളെ ആദ്യഘട്ടത്തില്‍ മാതൃകാവിദ്യാലയങ്ങളും പരിശീലനകേന്ദ്രങ്ങളുമാക്കി മാറ്റും. ഐടി അറ്റ് സ്‌കൂളിനാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനകം സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളും മികവുറ്റതാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സി.രവീന്ദ്രനാഥ് വ്യക്തമാക്കി.
Discussion about this post