തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് പിന്‍വലിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം ആഭ്യന്തരവകുപ്പ് റദ്ദാക്കി. കേസ് പിന്‍വലിക്കരുതെന്ന സി.പി.നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണു സര്‍ക്കാര്‍ നടപടിയെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേസില്‍ സ്‌പെഷല്‍ പബ്ലിക്ക്‌പ്രോസിക്യൂട്ടറെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്.
സി.പി.നായരുടെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരുള്‍പ്പെടെ 146 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. 2006ല്‍ കേസ് ക്രൈംബ്രാഞ്ചിനു വിട്ടു. എന്നാല്‍ 2േ015 ജൂണ്‍ മാസം കേസ് പിന്‍വലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേസ് പിന്‍വലിക്കരുതെന്ന സി.പി.നായരുടെ ആവശ്യം യുഡിഎഫ് സര്‍ക്കാര്‍ തള്ളുകയും ചെയ്തു. ഇതിനെതിരെ സി.പി.നായര്‍ മുഖ്യമന്ത്രി പിണറായി വിജയനുപരാതി നല്‍കിയിരുന്നു.
പത്തനംതിട്ട മലയാലപ്പുഴ ദേവീക്ഷേത്രത്തില്‍വച്ച് 2002 മാര്‍ച്ച് 14നായിരുന്നു സംഭവം,ക്ഷേത്രത്തില്‍ എട്ടരക്കോടി രൂപ ചെലവിട്ടു ശതകോടി അര്‍ച്ചന നടത്താന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തത് തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായിരുന്ന സി.പി. നായര്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. പൂജകളുടെ ചെലവു കുറയ്ക്കണമെന്നായിരുന്നു സി.പി.നായരുടെ നിലപാട്. ഇതിനെതിരെ അമ്പലക്കമ്മറ്റിക്കാരും നാട്ടുകാരും രംഗത്തുവന്നു. ക്ഷേത്രത്തിലെത്തിയ സി.പി.നായരെയും ഉദ്യോഗസ്ഥരെയും അവര്‍ അമ്പലത്തിലെ സദ്യാലയത്തില്‍ പൂട്ടിയിട്ടു. ശതകോടി അര്‍ച്ചന നടത്താന്‍ അനുവാദം നല്‍കിയാലേ വിട്ടയയ്ക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്. സംഘര്‍ഷമുണ്ടായതോടെ പൊലീസ് ആകാശത്തേക്ക് വെടിവച്ചാണ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്.
Discussion about this post