അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദമോദിയുടെ ആത്മീയഗുരുവും, വഴികാട്ടിയുമായിരുന്ന പ്രമുഖ് സ്വാമി മഹാരാജ് (ബോചസന്‍വാസി ശ്രി അക്ഷര്‍ പുരുഷോത്തം സ്വാമിനാരായണ്‍ സന്‍സ്ഥ ) സമാധിയായി. 95 വയസ്സായിരുന്നു. സ്വാമിനാരായണ്‍ സന്‍സ്ഥാന്റെ പരമാധികാരി ആയിരുന്നു. ഹൃദ്രോഗബാധിതനായിരുന്ന അദ്ദേഹം, ശ്വാസകോശസംബന്ധമായ അസ്വസ്ഥതയേത്തുടര്ന്ന് ശരംഗ്പൂരില് വിശ്രമത്തിലായിരുന്നു.
ഇന്ത്യയിലുടനീളം ആയിരത്തോളം ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്നതില്‍ സ്വാമി നെടുനായകത്വം വഹിച്ചിട്ടുണ്ട്. ഇതില്‍ ഏറെ പ്രശസ്തമാണ് ഗാന്ധിനഗറിലെയും, ഡല്‍ഹിയിലെയും അക്ഷര്‍ധാം ക്ഷേത്രങ്ങള്‍. ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അദ്ദേഹത്തില്‍ നിന്നും എണ്ണൂറോളം പേര് സന്യാസദീക്ഷയും സ്വീകരിച്ചിട്ടുണ്ട്.
പ്രമുഖ് സ്വാമി മഹാരാജിന്റെ സമാധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സ്വാമി മഹാരാജ് തനിക്ക് വഴികാട്ടിയായിരുന്നുവെന്നും അദ്ദേഹത്തോടൊത്തുള്ള നിമിഷങ്ങള്‍ താന്‍ ഒരിക്കലും മറക്കുകയില്ലെന്നും, അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം ദുഃഖകരമാണെന്നും പ്രധാനമന്ത്രി അനുസ്മരിച്ചു.
രാജ്യമെമ്പാടും നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സ്വാമിയില്‍ ആകൃഷ്ടരായവര്‍ നിരവധിയാണ്. മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുള്‍ കലാമിന്റെ മൈ സ്പിരിക്ച്വല്‍ എക്സ്പീരിയന്‍സ് വിത്ത് പ്രമുഖ് സ്വാമി എന്ന പുസ്തകം പ്രശസ്തമാണ്. അദ്ദേഹം അവസാനം രചിച്ച ഗ്രന്ഥവും ഇതാണ്. ഡോ.കലാമും സ്വാമിയെ ആത്മീയഗുരുസ്ഥാനത്തു തന്നെയായിരുന്നു കണ്ടിരുന്നത്.
Discussion about this post