ന്യൂഡൽഹി : ഇറാന്റെ തെക്കുകിഴക്കൻ തുറമുഖമായ ചബഹാർ തുറമുഖത്തിന്റെ പ്രവർത്തനം ഇന്ത്യയേറ്റെടുക്കുമെന്ന് റിപ്പോർട്ട്. അടുത്ത 10 വർഷത്തേക്ക് പ്രവർത്തനം നടത്തൻ ഇറാനുമായി കരാർ ഒപ്പിട്ടേക്കുമെന്നാണ് വിവരം. ഇതാദ്യമായാണ് ഒരു വിദേശ തുറമുഖത്തിന്റെ നടത്തിപ്പ് ഇന്ത്യ ഏറ്റെടുക്കുന്നത്. 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇറാൻ സന്ദർശിച്ചപ്പോൾ തുറമുഖവുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചിരുന്നു.
കരാറിൽ ഒപ്പിടാൻ ഇന്ത്യൻ ഷിപ്പിംഗ് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ ഇറാന്‌ലേക്ക് പോകും എന്നാണ് സൂചന. ഇറാന്റെ തെക്കുകിഴക്കൻ തീരത്ത് ഒമാൻ ഉൾക്കടലിനോട് ചേർന്നും ഇറാൻ-പാകിസ്താൻ അതിർത്തിയിലും സ്ഥിതി ചെയ്യുന്നതാണ് ചബഹാറിലെ തുറമുഖം. ഇതിന്റെ ഒരു ഭാഗം, ഇറാൻ, അഫ്ഗാനിസ്ഥാൻ, മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ചരക്ക് കൊണ്ടുപോകുന്നതിനുള്ള ഒരു മാർഗമായാണ് ഇന്ത്യ വികസിപ്പിക്കുന്നത്.
സിഐഎസ് (കോമൺവെൽത്ത് ഓഫ് ഇൻഡിപെൻഡന്റ് സ്റ്റേറ്റ്സ്) രാജ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ഇന്റർനാഷണൽ നോർത്ത്-സൗത്ത് ട്രാൻസ്പോർട്ട് കോറിഡോറിന് (ഐഎൻഎസ്ടിസി) കീഴിൽ ചബഹാർ തുറമുഖത്തെ ഒരു ട്രാൻസിറ്റ് ഹബ് ആക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കും മധ്യേഷ്യയ്ക്കും ഇടയിലുള്ള ചരക്കുകളുടെ നീക്കം ലാഭകരമാക്കാനുള്ള ഇന്ത്യയുടെ കാഴ്ചപ്പാടാണ് . ചബഹാർ തുറമുഖം ഈ മേഖലയുടെ വാണിജ്യ ഗതാഗത കേന്ദ്രമായി പ്രവർത്തിക്കും.
ഇറാനെതിരായ യുഎസ് ഉപരോധം തുറമുഖത്തിന്റെ വികസനം മന്ദഗതിയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സാദ്ധ്യതകൾ തെളിഞ്ഞത്. ചൈന- പാക് സാമ്പത്തിക ഇടനാഴിയേയും (സിപിഐസി) അറബിക്കടലിൽ ചൈനയുടെ സാന്നിദ്ധ്യത്തേയും നേരിടാൻ ചബഹാർ തുറമുഖം ഇന്ത്യയ്ക്ക് ഗുണം ചെയ്യും. ഇന്ത്യ തുറമുഖത്തിന്റെ പ്രവർത്തനം ഏറ്റെടുക്കുന്നത് ചൈനയ്ക്ക് കനത്ത തിരിച്ചടിയായിരിക്കും.
Discussion about this post