കോട്ടയം: യു.ഡി.എഫിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി രംഗത്ത്. കേരളാ കോണ്‍ഗ്രസ് യു.ഡി.എഫില്‍ അര്‍പ്പിച്ച വിശ്വാസം യു.ഡി.എഫ് തിരിച്ചു കാണിച്ചില്ലെന്ന് മാണി പറഞ്ഞു. യു.ഡി.എഫില്‍ ഇപ്പോള്‍ കാര്യങ്ങള്‍ ഭദ്രമല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് മാണി യു.ഡി.എഫിനെതിരെ ആഞ്ഞടിച്ചത്.
കോണ്‍ഗ്രസിന് ദാസ്യവൃത്തി ചെയ്‌തോളാമെന്ന് കേരളാ കോണ്‍ഗ്രസ് വാക്കു കൊടുത്തിട്ടില്ല. അന്തസും വ്യക്തിത്വവുമുള്ള പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ്. പറയാനുള്ളത് അതാത് സമയത്ത് തന്നെ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്ക് വിജയസാദ്ധ്യതയുള്ള സീറ്റുകളില്‍ ആദ്യം തര്‍ക്കങ്ങളുണ്ടാക്കും. എന്നിട്ട് തോല്‍പിക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. സങ്കടത്തോടെയാണ് യു.ഡി.എഫ് വിട്ടത്. സ്വന്തം വീട് വിട്ടു പോയതു പോലെയാണ് അപ്പോള്‍ തോന്നിയത്. സ്വന്തം കുടുംബത്തില്‍ സമാധാനവും ഭദ്രതയുമില്ല എന്ന് തോന്നിയതു കൊണ്ടാണ് യു.ഡി.എഫിന് നന്മകള്‍ നേര്‍ന്നു കൊണ്ട് വിട്ടുപോയത്. പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണിതെന്നും മാണി പറഞ്ഞു. ഒറ്റയ്ക്ക് നില്‍ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ല. മുന്പും കേരളാ കോണ്‍ഗ്രസ് ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ശത്രുക്കള്‍ക്കൊപ്പം ചേര്‍ന്ന് യു.ഡി.എഫ് ഗൂഢാലോചന നടത്തി. ശത്രുക്കള്‍ക്ക് മുന്പില്‍ പാര്‍ട്ടിയെ അപമാനിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എയില്‍ കേരളാ കോണ്‍ഗ്രസ് ചേരുമെന്നാണ് പ്രചരണം. ഇത് അടിസ്ഥാനരഹിതമാണ്. ബി.ജെ.പിയില്‍ ചേരുന്നത് അജണ്ടയില്‍ പോലും ഇല്ലെന്നും മാണി പറഞ്ഞു.
Discussion about this post