ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഭീഷണി. 13 വിമാനത്താവളങ്ങൾ തകർക്കുമെന്നാണ് ഭീഷണി. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (സിഐഎസ്എഫ്) ഇ-മെയിൽ വഴിയാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ട്, ഭോപ്പാൽ, പട്ന, ജമ്മു, ജയ്പൂർ എന്നി വിമാനത്താവളങ്ങളിലാണ് ബോംബ് ഭീതി പരത്തിയത്. ഇതേ തുടർന്ന് തിരച്ചിൽ ആരംഭിച്ചു. സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പരിശോധനയ്ക്കും സ്‌ക്രീനിംഗിനും പുറമെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ലഖ്നൗ വിമാനത്താവളം കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിനും (ഐജിഐ) പത്തിലധികം ആശുപത്രികൾക്കും ഇന്ന് പുലർച്ചെ ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഭീഷണി വ്യാജമാണെന്നും ഇമെയിൽ അയച്ചവരെ കണ്ടെത്താൻ കൂടുതൽ അന്വേഷണം നടത്തിയെന്നും ഡൽഹി പോലീസ് അറിയിച്ചു.
ഈ മാസം ആദ്യം ഡൽഹിയിലെ നൂറോളം സ്‌കൂളുകൾക്കും നോയിഡയിലെ രണ്ട് സ്‌കൂളുകൾക്കും മെയ് ഒന്നിന് ലഖ്നൗവിലെ ഒരു സ്‌കൂളിനും ബോംബ് ഭീഷണി സന്ദേശം അയച്ചിരുന്നു . റഷ്യൻ ഇമെയിൽ സേവനം ഉപയോഗിച്ചാണ് സ്‌കൂളുകൾക്ക് ഭീഷണി സന്ദേശം അയച്ചത്.
Discussion about this post