പാസിഘട്ട്: അരുണാചല്‍ പ്രദേശ് മേഖലയില്‍ കഴിഞ്ഞ മാസം ചൈനീസ് സൈന്യം രണ്ട് തവണ അതിര്‍ത്തി ലംഘിച്ചതായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതിനെ അതിര്‍ത്തി ലംഘനം എന്ന് മാത്രമേ പറയാനാവൂ എന്നും കടന്നുകയറ്റം എന്ന് പറയാന്‍ കഴിയില്ലെന്നും റിജിജു അഭിപ്രായപ്പെട്ടു. അരുണാചല്‍ പ്രദേശിലെ പാസിഘട്ടില്‍ യുദ്ധവിമാനങ്ങള്‍ക്കായുള്ള അഡ്വാന്‍സ് ലാന്റിംഗ് ഗ്രൗണ്ടിന്റെ (എ.എല്‍.ജി) ഉദ്ഘാടനത്തിന് ശേഷമാണ് കിരണ്‍ റിജിജു ഇക്കാര്യം പറഞ്ഞത്.
അഞ്ജോ, തവാന് എന്നീ ജില്ലകളിലാണ് അതിര്‍ത്തി ലംഘനമുണ്ടായതായി ഇന്ത്യ ആരോപിക്കുന്നത്. അഞ്ജോവിലെ കിബിതുവില്‍ അതിര്‍ത്തി ലംഘനമുണ്ടായതായി ഇന്തോ ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് അതിര്‍ത്തി മേഖലകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുണ്ടെന്ന് കിരണ്‍ റിജിജു വ്യക്തമാക്കി. പ്രതിരോധം ശക്തമാക്കുന്നതിനും ഇത് അനിവാര്യമാണ്. അതേസമയം ഇത് മറ്റേതെങ്കിലും രാജ്യങ്ങളുമായി മത്സരിക്കാനല്ലെന്നും റിജിജു അഭിപ്രായപ്പെട്ടു.
Discussion about this post