തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പ്രവേശന ചുമതല മാനേജുമെന്റുകള്‍ക്ക് നല്‍കില്ലെന്നും മന്ത്രി വ്യക്തമാക്കി. മെറിറ്റ് അട്ടിമറിക്കാന്‍ ആരേയും അനുവദിക്കില്ല. നീറ്റ് അടിസ്ഥാനമാക്കി മാത്രമേ പ്രവേശനം നടത്തൂ. ഏകീകൃത ഫീസ് വന്നാല്‍ മെറിറ്റ് സീറ്റിലെ കുട്ടികള്‍ക്ക് സബ്‌സിഡി നല്‍കും. മെറിറ്റുകാര്‍ക്ക് മാനേജ്‌മെന്റുകള്‍ സബ്‌സിഡി നല്‍കേണ്ടി വരും. മാനേജുമെന്റുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി അറിയിച്ചു.
മെറിറ്റ് പാലിക്കപ്പെടുക എന്ന ഒറ്റ നിലപാടെ സര്‍ക്കാരിനുള്ളു. എം.ബി.ബി.എസ് പഠിച്ച് വരുന്ന കുട്ടികള്‍ വയറുവേദനയുമായി വരുന്ന രോഗികളുടെ തലയില്‍ ഓപ്പറേഷന്‍ നടത്തുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ല. മെറിറ്റ് നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ സ്വാശ്രയ പ്രവേശനം മുന്നോട്ട് കൊണ്ടുപോകാമെന്ന് നോക്കും. കോടതി നിര്‍ദ്ദേശിക്കുന്നതുപോലെ മാത്രമെ സര്‍ക്കാരിന് ചെയ്യാന്‍ കഴിയൂ. കോടതി ഉത്തരവ് എന്തായാലും അംഗീകരിക്കുമെന്നും മന്ത്രി ശൈലജ പറഞ്ഞു.
മാനേജ്‌മെന്റ് സീറ്റുകള്‍ ഏറ്റെടുത്ത ഉത്തരവ് പിന്‍വലിക്കണമെന്ന് ഒരിക്കല്‍കൂടി സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ യോഗം തീരുമാനിച്ചിരുന്നു. ഉത്തരവ് പിന്‍വലിച്ചാല്‍ പകുതി സീറ്റുകള്‍ സര്‍ക്കാരിന് വിട്ടുനല്‍കുമെന്നും അവര്‍ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്.
സര്‍ക്കാര്‍ നടപടിക്കെതിരെ സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഹൈക്കോടതി വിധി വന്നതിന് ശേഷം മെഡിക്കല്‍ പ്രവേശനത്തല്‍ തീരുമാനം എടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. ന്യൂനപക്ഷ പദവിയില്‍ സര്‍ക്കാര്‍ ഇടപെടുന്നുവെന്ന് ആരോപിച്ചാണ് മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
ആരോഗ്യ സെക്രട്ടറിയും പരിക്ഷാ കണ്‍ട്രോളറും പങ്കെടുക്കുന്ന ജെയിംസ് കമ്മിറ്റിയുടെ യോഗം ഇന്നലെ ചേരാന്‍ നിശ്ചയിച്ചിരുന്നതാണ്. എന്നാല്‍ സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട് അറിഞ്ഞതിന് ശേഷം യോഗം ചേര്‍ന്നാല്‍ മതിയെന്ന് പിന്നീട് തീരുമാനിച്ചു.
Discussion about this post