കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളേജിലെ മുഴുവന്‍ സീറ്റുകളിലും സര്‍ക്കാര്‍ പ്രവേശനം നടത്തുമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് തിരിച്ചടി. മാനേജ്മെന്റ് സീറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഇപാധികളോടെ സ്റ്റേ ചെയ്തു. സര്‍ക്കാരിന്റെ എല്ലാ വാദങ്ങളും തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ജയിംസ് കമ്മറ്റി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സീറ്റുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്തതോടെ നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മാനേജ്മെന്റുകള്‍ക്ക് പ്രവേശനം നടത്താനാവും.
മൂന്ന് ദിവസത്തിനുള്ളില്‍ പ്രവേശനം പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. പ്രോസ്പെക്ടസിന് ജയിംസ് കമ്മറ്റിയുടെ അംഗീകാരം വേണമെന്നും നിര്‍ദ്ദേശമുണ്ട്. നീറ്റില്‍ നിന്ന് മെറിറ്റില്‍ പ്രവേശനം നടത്തണം. ഇത് ജെയിംസ് കമ്മറ്റിക്ക് പരിശോധിക്കാം. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കണം എന്നി ഉപാധികളും ഹൈക്കോടതി മുന്നോട്ട് വച്ചിട്ടുണ്ട്.
നേരത്തെ തന്നെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത് കൊണ്ടുള്ള തീരുമാനം കോടതിയില്‍ നിലനില്‍ക്കില്ല എന്ന് വിലയിരുത്തലുണ്ടായിരുന്നു. ഉത്തരവ് സ്റ്റേ ചെയ്യുമെന്നിരിക്കെ ആവശ്യമായ ചര്‍ച്ച പോലുമില്ലാതെ തീരുമാനം എടുത്തത് രാഷ്ട്രീയ നേട്ടത്തിനായാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
Discussion about this post